വനിതാ ലോകകപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് സ്പെയ്ന്‍. ഇതോടെ വനിതകളുടെയും പുരുഷന്മാരുടെയും ലോകകപ്പ് കിരീടം നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ രാജ്യമാകാന്‍ സ്‌പെയ്‌നിനായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ ലോക ചാമ്പ്യന്മാരായത്.
ലോകകപ്പിലെ സ്‌പെയ്‌നിന്റെ രണ്ടാം കിരീടവും വനിതാ ലോകകപ്പിലെ രാജ്യത്തിന്റെ കന്നി കിരീടവുമാണിത്. കിരീടം നേടിയശേഷം വിജയികള്‍ക്കുള്ള മെഡല്‍ ദാനച്ചടങ്ങില്‍ നടന്ന അസാധാരണ സംഭവമാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വിവാദമാകുന്നത്.
വിജയികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വാങ്ങാനായി താരങ്ങള്‍ വേദിയിലേക്ക് എത്തിയപ്പോള്‍ ദ റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബൈലസ് നിര്‍ബന്ധപൂര്‍വം സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ ചംബിച്ച സംഭവമുണ്ടായിരുന്നു.
Luis Rubiales: Spanish FA president criticised for kissing Jenni Hermoso after Spain’s World Cup win https://t.co/eYwlnnjEdk
— BBC News (World) (@BBCWorld) August 21, 2023
ഈ സംഭവത്തില്‍ പ്രതികരിക്കുകയാണിപ്പോള്‍ ജെന്നിഫര്‍ ഹെര്‍മോസോ. ലൂയിസ് റുബൈലസിന്റെ നടപടി തനിക്കത്ര ഇഷ്ടമായില്ലെന്നാണ് ജെന്നിഫര്‍ പറയുന്നതെന്നാണ് കായിക മാധ്യമമായ മാര്‍ക്കയെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ആ നിമിഷം ഞാന്‍ ഒരിക്കലും ആസ്വദിച്ചിട്ടില്ല. വിജയാവേശത്തില്‍ പരസ്പര ബഹുമാനത്തോടെ ചെയ്തതാണെന്ന് തന്നെയാണ് കരുതുന്നത്.
ഞാനും പ്രസിഡന്റും തമ്മില്‍ വലിയ ബന്ധമുണ്ട്. ഞങ്ങളോടെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം മികച്ചതാണ്. അതില്‍ വാത്സല്യവും സ്‌നേഹവുമുണ്ട്. എന്നാല്‍ ആ പെരുമാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു,’ ജെന്നിഫര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലില്‍ 29ാം മിനിട്ടില്‍ ഓള്‍ഗ കാര്‍മോണയാണ് സ്‌പെയിന്‍ വിജയഗോള്‍ നേടിയത്.
ടൂര്‍ണമെന്റില്‍ സ്പെയ്നിന്റെ ഐറ്റാന ബോണ്‍മതി മികച്ച കളിക്കാരിക്കുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിയപ്പോള്‍, ഇംഗ്ലണ്ടിന്റെ മേരി ഇയര്‍പ്സിനാണ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌ക്കാരവും സ്വന്തമാക്കിയത്. അഞ്ച് ഗോളുകള്‍ നേടിയ ജപ്പാന്റെ ഹിനത മിയാസാവക്കാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.
Content Highlight: The star reacted to the unusual kiss of the Spanish football boss