കൊച്ചി: ഒന്നാം പിണറായി സര്‍ക്കാറിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാറെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ വികസനപദ്ധതികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സി.പി.ഐ.എമ്മിന്റെ ആശയസംഹിതയില്‍ ഉറച്ചുനിന്നാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു.
സംസ്ഥാന സമ്മേളനത്തില്‍ ആര് പതാക ഉയര്‍ത്തണമെന്നത് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ഭാവി കേരളം, നവ കേരളം സംബന്ധിച്ച സി.പി.ഐ. എമ്മിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പറും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ അവതരിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
ഇത്തവണത്തെ സമ്മേളനം പ്രവര്‍ത്തന റിപ്പോര്‍ട്ടും നവകേരള സൃഷ്ടിക്കായുള്ള കര്‍മപദ്ധതി സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാടും വ്യക്തമാക്കുന്ന രേഖയാണ് അംഗീകരിക്കാന്‍ പോകുന്നത്. പാര്‍ട്ടിക്കകത്ത് യാതൊരുവിധ വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലാതായി. കേന്ദ്രീകൃതമായ നേതൃത്വത്തിന്‍ കീഴില്‍ സി.പി.ഐ. എം പ്രവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് തുടര്‍ച്ചയായി നടന്ന ഇടപെടലിന്റെ ഭാഗമായി വന്ന മാറ്റമാണ്. ആ ഐക്യം വിളംബരം ചെയ്യുന്ന സമ്മേളനമായിരിക്കും സംസ്ഥാന സമ്മേളനമെന്നും കോടിയേരി വ്യക്തമാക്കി.
ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി ഇടതുപക്ഷ പ്രസ്ഥാനത്തെ മാറ്റണം. അതിനായി സി.പി.ഐ.എമ്മിനെ ഇന്നത്തേതിനേക്കാള്‍ ബഹുജന സ്വാധീനമുള്ള പാര്‍ട്ടിയായി വളര്‍ത്തണം. സര്‍ക്കാറിന്റെ പ്രവര്‍ത്തനം അതില്‍ വളരെ പ്രധാനമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തിലാണ് ജനത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നത്. എന്നാല്‍ അതിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാര്‍.
പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം, തടസങ്ങള്‍ നീക്കണം, അതിനായി ഓരോ മേഖലയിലും ചെയ്യേണ്ട കാര്യങ്ങള്‍ എന്താണ്, അടുത്ത 25 വര്‍ഷത്തെ വികസന പദ്ധതി സംബന്ധിച്ച് ഇപ്പോള്‍ തന്നെ ഒരു രൂപരേഖ തയ്യാറാക്കണം. അതിന്റെ ഭാഗമായി സി.പി.ഐ.എം അംഗീകരിക്കുന്ന വികസന കാഴ്ചപ്പാട് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യും. അങ്ങനെ എല്‍.ഡി.എഫിന്റെ ഘടകകക്ഷികളുടെ അഭിപ്രായം സ്വീകരിക്കും. ഇതോടൊപ്പം സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: The second government is not a repetition of the first Pinarayi government: Kodiyeri