കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചത് തിരക്കുപിടിച്ച്. മാധ്യമങ്ങളെ ഒഴിവാക്കിയാണ് ബുധനാഴ്ച കോഴിക്കോട് കളക്ട്രേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാണ് മോക്ക് പോളിങ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയത്.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തിരക്കിട്ട നീക്കം നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധം അറിയിച്ചെങ്കിലും കോണ്‍ഗ്രസ് മോക്ക് പോളിങ്ങിനോട് സഹകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എ. ഗീത പറഞ്ഞു.
സി.പി.ഐ അടക്കമുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മോക്ക് പോളിങ്ങില്‍ പങ്കെടുത്തു. തിരുവമ്പാടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് പരിശോധിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവും ഉള്‍പ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. മലപ്പുറം വയനാട് കളക്ടറേറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധനയുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട് എം.പി ഒഫീസിലെ പേഴ്‌സണല്‍ സ്റ്റാഫിനെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു. ഇതോടെ കല്‍പ്പറ്റയിലും മുക്കത്തുമുള്ള പാര്‍ലമെന്റ് കമ്മിറ്റി ഓഫീസ് പൂട്ടിയിരുന്നു.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചരുന്നു. ഇതിനുപിന്നാലെയാണ് ലോക്‌സഭയില്‍ നിന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടത്. എം.പി സ്ഥാനം നഷ്ടമായതിന് പിന്നാലെ രാഹുല്‍ തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതിയൊഴിഞ്ഞിരുന്നു.