സിദ്ധാര്‍ത്ഥിന്റെ മരണം; ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ്, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് അന്വേഷണ സംഘം
Kerala News
സിദ്ധാര്‍ത്ഥിന്റെ മരണം; ഹോസ്റ്റലില്‍ പൊലീസ് തെളിവെടുപ്പ്, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് അന്വേഷണ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 8:28 pm

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി പൊലീസ്. തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിദ്ധാര്‍ത്ഥിനെതിരെ ആക്രമണം നടന്ന പൂക്കോട് വെറ്റിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായി എത്തിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുമുറ്റത്തുമായാണ് തെളിവെടുപ്പ് നടന്നത്. ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തും വെച്ചാണ് സിദ്ധാര്‍ത്ഥന്‍ മര്‍ദനത്തിനിരയായെതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പ്രതികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ ‘അലിഖിത നിയമം’ നടപ്പിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടിയെടുക്കാന്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്‍കിയിരുന്നു. ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനേയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ഡീനിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മന്ത്രി അറിയിച്ചു. വാര്‍ഡനെന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകണമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ സിദ്ധാര്‍ത്ഥിന്റെ പിതാവ് രംഗത്തെത്തി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനേയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. മകന്റെ മരണത്തിനു ഉത്തരവാദികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ഊന്നിപ്പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഈ ക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരാണ് കൂട്ടുനിന്നതെന്നും വിഷയം അതീവ ഗൗരവകരമാണെന്നും കത്തില്‍ പറയുന്നു.

Content Highlight: The police conducted evidence collection in the hostel in connection with Siddharth’s death