വാഷിങ്ടണ്‍: ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ മരണത്തില്‍ പെന്റഗണ്‍ ഇസ്രഈലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. നസറുല്ലയെ വധിക്കാന്‍ പോകുകയാണെന്ന് ഇസ്രഈല്‍ അറിയിച്ചപ്പോള്‍ തന്നെ യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ രോഷം പ്രകടിപ്പിച്ചിരുന്നതായി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബര്‍ 27ന് ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല കൊല്ലപ്പെടുന്നത്. അദ്ദേഹത്തിനൊപ്പം സംഘടനയുടെ കമാന്‍ഡര്‍ അലി അക്കാരി, ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ നസറുല്ലയുടെ കൊലപാതകത്തില്‍ യു.എസിന് പങ്കുണ്ടെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം യു.എസ് നിഷേധിക്കുകയായിരുന്നു. ഇസ്രഈല്‍ ഇത്തരത്തിലൊരു ആക്രമണം ആസൂത്രണം ചെയ്യുന്നതായി തനിക്ക് അറിയില്ലായിരുന്നു എന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്.
അതേസമയം ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഓപ്പറേഷന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി സംസാരിച്ചിരുന്നെന്നും അല്ലാതെ മുന്‍കൂട്ടി മറ്റ് മുന്നറിയിപ്പുകള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും ലോയിഡ് ഓസ്റ്റിന്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ്-ഇസ്രഈല്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ലോയിഡ് ഓസ്റ്റിനും യെവ് ഗാലന്റും 125 ലധികം തവണ ഫോണില്‍ സംസാരിച്ചിരുന്നതായും എന്നാല്‍ തങ്ങളോട് ആലോചിക്കാതെ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതില്‍ ഓസ്റ്റിന്‍ നിരാശ പ്രകടിപ്പിച്ചിരുന്നതായും ജെറുസലേം പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘നസറുല്ല ഒരു മോശം വ്യക്തിയായിരുന്നു. എന്നാല്‍ ഇസ്രഈല്‍ ഞങ്ങളോട് ചോദിക്കാതെ കാര്യം നടപ്പിലാക്കിയിട്ട് പിന്നീട് ഇറാനെ തടയണമെന്ന് ആവശ്യപ്പെടുന്നു,’യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ സൈറ്റായ ആക്‌സിയോസിസിനോട് പറഞ്ഞു. കൂടാതെ
നസ്റുല്ലയുടെ മരണത്തെത്തുടര്‍ന്ന് പ്രതികാരം വീട്ടുമെന്ന് പറഞ്ഞ ഇറാനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യു.എസ് ഇടപെടണമെന്ന് ഗാലന്റ് ഓസ്റ്റിനോട് ആവശ്യപ്പെട്ടതായും ആക്സിയോസിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.