ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് സീസണിലെ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഇറങ്ങും. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
രാജസ്ഥാന്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് ചെന്നൈക്കെതിരെ എത്തുന്നത്. സീസണ്‍ ഓപ്പണറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമാണ് തോറ്റത്.
അതേസമയം, രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായാണ് സൂപ്പര്‍ കിങ്സ് കളത്തിലിറങ്ങുന്നത്. എല്‍ ക്ലാസിക്കോയില്‍ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ചെന്നൈ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനോട് 50 റണ്‍സിന് തോറ്റിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ ഈ മത്സരത്തിലും യുവ താരം റിയാന്‍ പരാഗായിരിക്കും നയിക്കുക. ഫിറ്റ്‌നസ് കാരണങ്ങളാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ നായകനായി ഉണ്ടാവില്ലെന്ന് രാജസ്ഥാന്‍ മാനേജ്‌മെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളില്‍ ബാറ്ററായി ഇറങ്ങിയ സഞ്ജു ചെന്നൈക്കെതിരെയും അതേ റോളില്‍ തന്നെയാവും എത്തുക. ഇന്നത്തെ മത്സരത്തില്‍ മലയാളി താരത്തെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. രണ്ട് റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ഐ.പി.എല്ലില്‍ 4500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കഴിയും.
നിലവില്‍ ഐ.പി.എല്ലില്‍ 170 മത്സരങ്ങളില്‍ ഇന്ന് 4498 റണ്‍സെടുത്തിട്ടുണ്ട്. 139.34 സ്‌ട്രൈക്ക് റേറ്റിലും 30.80 ശരാശരിയിലുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇത്രയും റണ്‍സുകള്‍ നേടിയത്. ടൂര്‍ണമെന്റില്‍ സഞ്ജു മൂന്ന് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
ഐ.പി.എല്‍ 2025 സീസണ്‍ മിന്നും പ്രകടനത്തോടെയാണ് സഞ്ജു ആരംഭിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 37 പന്തില്‍ 66 റണ്‍സെടുത്തിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിര 13 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. സഞ്ജു ഈ സീസണില്‍ 164.58 സ്‌ട്രൈക്ക് റേറ്റിലും 39.50 ശരാശരിയിലുമാണ് ബാറ്റേന്തുന്നത്.
content highlights:IPL 2025: RR vs CSK – Rajasthan in search of first win; Sanju looking at huge record