Film News
എമ്പുരാൻ വിവാദം; മോഹന്‍ലാലിന്റെ ഖേദപ്രകടന പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 07:59 am
Sunday, 30th March 2025, 1:29 pm

എമ്പുരാന്‍ വിവാദങ്ങളില്‍ ഖേദപ്രകടനം നടത്തികൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവെച്ച് സംവിധായകന്‍ പൃഥ്വിരാജ്. എമ്പുരാനെതിരെ സംഘപരിവാറിന്റെ കടുത്ത സൈബര്‍ ആക്രമണം തുടരുന്നതിനിടെയാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

പിന്നാലെ ഈ പോസ്റ്റ് പൃഥ്വിരാജും പങ്കുവെക്കുകയായിരുന്നു.

 

‘ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ നിര്‍ബന്ധമായും എമ്പുരാനില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞു.

സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്,’ എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

മലയാളത്തിലെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറാനും എമ്പുരാന് കഴിഞ്ഞിരുന്നു. എന്നാല്‍ വ്യാപകമായ സംഘപരിവാര്‍ ആക്രമണമാണ് സിനിമയ്ക്ക് നേരെ ഉണ്ടായത്.

പൃഥ്വിരാജിനെ ഹിന്ദു വിരുദ്ധനായും ജിഹാദിയായും സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിനെതിരെയും കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്.

ക്ഷണം ലഭിച്ചിട്ടും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാതിരുന്ന മോഹന്‍ലാലില്‍ നിന്ന് ഇതെല്ലാം പ്രതീക്ഷിക്കാമെന്നും സുഡാപ്പികളെ പേടിച്ചാണ് മോഹന്‍ലാല്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം.

വിവാദങ്ങളെ തുടര്‍ന്ന് സിനിമയിലെ 17ലധികം വരുന്ന ഭാഗങ്ങളില്‍ മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റുകയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും. ചിത്രത്തിന്റെ എഡിറ്റിങ്ങിന് ശേഷം എമ്പുരാന്റെ പുതിയ പതിപ്പ് വ്യാഴാഴ്ച്ചയോടെ തിയേറ്ററിലെത്തും.

പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര് മാറ്റിയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ പലതും കട്ട് ചെയ്തുമായിരിക്കും ചിത്രം ഇനി തിയേറ്ററുകളിലെത്തുക. എമ്പുരാനില്‍ ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും മ്യൂട്ട് ചെയ്യും.

Content Highlight: Empuran controversy; Prithviraj shares Mohanlal’s apology post