ഗസ: ഇസ്രഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വാര്‍ഷിക ആഗോള ശരാശരിയുടെ ഇരട്ടിയിലേറെയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ലോകത്തുടനീളമായി മരണപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തേക്കാള്‍ കൂടുതലെന്നാണ് പറയുന്നത്.
ഫലസ്തീന്‍ പ്രസ് യൂണിയനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കണക്കുകള്‍ അനുസരിച്ച് ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 183 മാധ്യമപ്രവര്‍ത്തകരാണ്.
സത്യത്തിന്റെ സാക്ഷികളെയാണ് ഇസ്രഈല്‍ ഭരണകൂടം വേരോടെ അറുത്തുമാറ്റുന്നതെന്ന് ഫലസ്തീനിയന്‍ ജേര്‍ണലിസ്റ്റ് സിന്‍ഡിക്കേറ്റ് പറഞ്ഞു. ഗസയില്‍ ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലകളില്‍ ഇസ്രഈല്‍ ശിക്ഷ അനുഭവിക്കാതെ പോകില്ലെന്നും സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി.
ലോകത്തുടനീളമായുള്ള മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയാണ് ഗസയിലെ കൂട്ടക്കൊലയെന്നും സിന്‍ഡിക്കേറ്റ് പ്രതികരിച്ചു. ഫലസ്തീനിലെ അധിനിവേശ ശക്തികള്‍ പത്രപ്രവര്‍ത്തിനെതിരായ നീക്കങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്നതെന്നും സിന്‍ഡിക്കേറ്റ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ മരണങ്ങളില്‍ യുനസ്‌കോയും പ്രതികരിച്ചു. 2013 മുതല്‍ ലോകമെമ്പാടും 900 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.പ്രതിവര്‍ഷം ശരാശരി 82 പത്രപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഇത് ഗസയില്‍ ഇസ്രഈല്‍ കൊലപ്പെടുത്തിയ പത്രപ്രവര്‍ത്തകരുടെ എണ്ണത്തിന്റെ പകുതിയേക്കാള്‍ കുറവാണെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് യൂണിയനും സമാന വിഷയം ചൂണ്ടിക്കാട്ടി പ്രതികരിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ 350ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം തുടരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജനുവരിയില്‍ ഐക്യരാഷ്ട്രസഭയും ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഗസയിലെ പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര കോടതികളില്‍ മാധ്യമ സംഘടനകള്‍ ഹരജികള്‍ ഫയല്‍ ചെയ്തിരുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 43,259 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 101,827 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: The number of journalists killed in Gaza is twice the global average