Film News
ഓര്‍മപ്പെടുത്തലുമായി ഭീഷ്മ പര്‍വ്വം; വീണ്ടും ചര്‍ച്ചയായി കെവിന്‍ വധവും നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 04, 08:28 am
Friday, 4th March 2022, 1:58 pm

സോഷ്യല്‍ മീഡിയയിലെങ്ങും ഭീഷ്മ പര്‍വ്വത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ നിറയുകയാണ്. മമ്മൂട്ടിയുടെ മാസും അമല്‍ നീരദിന്റെ മേക്കിംഗും സുഷിന്‍ ശ്യാമിന്റെ ബി.ജി.എമ്മുമെല്ലാം ഇഴകീറി പരിശോധിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഭീഷ്മ പര്‍വ്വത്തിന്റെ റിലീസോടെ കോട്ടയത്തെ കെവിന്‍ വധവും നെയ്യാറ്റിന്‍ കരയില്‍ ദമ്പതികള്‍ തീ കൊളുത്തി മരിച്ച സംഭവവുമെല്ലാം വീണ്ടും ചര്‍ച്ചയിലേക്ക് വരുകയാണ്. 2018 ല്‍ കൊല്ലപ്പെട്ട കെവിനും ഭാര്യ നീനുവിനും സമര്‍പ്പിച്ചാണ് സിനിമ തുടങ്ങുന്നതെങ്കില്‍ അവസാനിക്കുന്നത് നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണത്തിലേക്ക് സൂചന നല്‍കിയാണ്.

Dalit Christian Honour Killing: 10 Get Double Life Sentence For Kevin Joseph Murder

തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയിലായിരുന്നു കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്നു കെവിനെയും ബന്ധു അനീഷിനെയും മേയ് 27ന് തട്ടിക്കൊണ്ടുപോയ 13 അംഗ സംഘം കെവിനെ കൊലപ്പെടുത്തുകയായിരുന്നു. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായിട്ടാണ് കെവിന്‍ വധം വിശേഷിപ്പിക്കപ്പെട്ടത്.

2020 ഡിസംബറിലാണ് പോലീസ് വീട് ഒഴിപ്പിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോളൊഴിച്ച് അമ്പിളിയും രാജനും ആത്മഹത്യാ ഭീഷണി മുഴക്കിയത്. തീ തട്ടിത്തെറിപ്പിക്കാന്‍ പൊലീസ് ശ്രമിക്കവേ ഇരുവരുടെയും ദേഹത്തേക്ക് തീ പടരുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Neyyattinkara Suicide: Crime Branch Records The Statements Of Children - Kerala9.com

അതുപോലെ ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലെ ജാതീയ വിവേചനങ്ങള്‍, അച്ചന്മാര്‍ പ്രതികളായ പീഡനക്കേസുകള്‍, മുസ്‌ലിം വിഭാഗങ്ങളോട് ചില ക്രിസ്ത്യാനികള്‍ക്കും സഭാധികാരികള്‍ക്കുമുള്ള വെറുപ്പ്, രാഷ്ട്രീയക്കാരുടെ അധികാരം നിലനിര്‍ത്താനുള്ള കളികള്‍, ബീഫ് പൊളിറ്റിക്സ് തുടങ്ങിയ കാര്യങ്ങള്‍ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്.

മതവും അധികാരവും നിയമവും കയ്യിലുണ്ടെങ്കില്‍ പിന്നെയെന്തും ചെയ്യാം എന്ന ഡയലോഗും ചിത്രത്തിലുണ്ട്. ഇടയ്ക്കൊക്കെ കൃത്യമായി ചില കൊട്ടുകളും സിനിമ ചിലര്‍ക്ക് കൊടുക്കുന്നുണ്ട്.

എന്തായാലും പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഭീഷ്മ പര്‍വ്വം പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഒരുപോലെ അമല്‍ നീരദ് ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മൈക്കിളപ്പ ഒരു മാസ് ട്രീറ്റ് തന്നെയായിരിക്കുകയാണ്. ഈയടുത്ത കാലത്തിറങ്ങിയതില്‍ തിയേറ്ററില്‍ ഒരു കംപ്ലീറ്റ് മാസ് ഫീല്‍ തന്ന സിനിമയാണ് ഭീഷ്മ പര്‍വ്വമെന്നാണ് പ്രേക്ഷകരെല്ലാം ഒരുപോലെ അഭിപ്രായപ്പെടുന്നത്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എ ആന്‍ഡ് എയാണ് വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.


Content Highlight: The murder of Kevin and the death of a couple in Neyyattinkara were discussed again after bheeshma parvam release