കൊച്ചി: വിവാദ സിനിമ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. സിനിമയുടെ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
ദി കേരള സ്റ്റോറി 2023 മെയ്യില്‍ റിലീസായ സിനിമയാണ്. ഈ സിനിമാ യൂട്യുബിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ആയതിനാല്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവാദത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് കമ്മീഷന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയ നേതാക്കളെയും സ്ഥാനാര്‍ത്ഥികളെയും അവഹേളിക്കുന്ന രീതിയിലുള്ള ജീവചരിത്രം അടക്കമുള്ള സിനിമകള്‍ വന്നാല്‍, അതിന്മേല്‍ പരാതിയുണ്ടെങ്കില്‍ അവ തടഞ്ഞുവെക്കാനുള്ള നടപടികള്‍ മുമ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരള സ്റ്റോറി ഇത്തരത്തിലുള്ള ഗണത്തില്‍ പെടുന്നതല്ലെന്നും കമ്മീഷന്‍ പറഞ്ഞു. അതിനാല്‍ സിനിമയുടെ പ്രദര്‍ശനം തടയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ദൂരദര്‍ശന്‍ ദി കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
സംപ്രേക്ഷണത്തിനായി പ്രസാര്‍ ഭാരതി നേരിട്ട് അനുമതി തേടിയിട്ടും കമ്മീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അഭിമുഖം സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം പ്രസാര്‍ ഭാരതി പിന്‍വലിച്ചിരുന്നു.