ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
Kerala News
ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd July 2021, 12:46 pm

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രാരംഭഘട്ടത്തിലുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഷ സുല്‍ത്താനയുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി.
കേസിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ലക്ഷദ്വീപ് പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടര്‍ നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നുമായിരുന്നു ഐഷയുടെ ഹരജിയില്‍ പറഞ്ഞത്.

അതേസമയം, ഐഷ സുല്‍ത്താനയ്ക്കെതിരെ കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.

ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഐഷ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്. ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The High Court has ruled that the treason case against Aisha Sultana cannot be dismissed