ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ പരിശീലകനായുള്ള കരാർ വീണ്ടും ദിദിയർ ദെഷാംപ്സിന് നീട്ടി നൽകിയിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ. ഫ്രഞ്ച് പ്രസിഡന്റായ നോയൽ ലെ ഗ്രാറ്റാണ് ദെഷാംപ്സിന്റെ കരാർ തങ്ങൾ നീട്ടിയ കാര്യം ആരാധകരെ അറിയിച്ചത്.
ഫ്രഞ്ച് ഇതിഹാസ ഫുട്ബോൾ താരമായ സിനദിൻ സിദാൻ ഫ്രഞ്ച് ടീമിന്റെ പരിശീലകനായി രംഗത്ത് വരും എന്ന് കരുതിയിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു ഇത്.
എന്നാൽ ദെഷാംപ്സിന്റെ കരാർ നീട്ടുന്ന കാര്യം അറിയിച്ചതിനൊപ്പം തൽക്കാലം സിദാനെ പരിശീലകനാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, സിദാൻ വിളിച്ചാൽ ഫോൺ പോലും താൻ എടുക്കില്ലെന്നും നോയൽ ലെ ഗ്രാറ്റ് പറഞ്ഞത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.
” സിദാൻ ഞങ്ങളുടെ റഡാറിലുണ്ട്, അതിനെ ക്കുറിച്ച് കൂടുതൽ പറയാൻ എനിക്കിപ്പോൾ സാധിക്കില്ല. അദ്ദേഹത്തിന് നിരവധി ആരാധകരും ഉണ്ട്.
എല്ലാം ഞാൻ സമ്മതിച്ചു തരാം. പക്ഷെ ദെഷാംപ്സിനെ വിമർശിക്കാൻ ആർക്കും അവകാശമില്ല. അതിന് ആരും ശ്രമിക്കരുത്,’ ഗ്രാറ്റ് പറഞ്ഞു.
“പരിശീലക സ്ഥാനത്തിന് വേണ്ടി എന്നെയെങ്ങാനും സിദാൻ വിളിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഞാൻ ഫോൺ പോലും എടുക്കില്ല, വേറെ വല്ല ക്ലബ്ബോ,ദേശീയ ടീമോ കണ്ടെത്തുന്നതാകും അദ്ദേഹത്തിന് നല്ലത്,’ ഗ്രാറ്റ് കൂട്ടിച്ചേർത്തു.
എന്നാൽ ഗ്രാറ്റിന്റെ വാക്കുകൾ സിദാനെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ഇതിഹാസമാണെന്നും പ്രഖ്യാപിച്ച് നിരവധി ആരാധകരാണ് ഗ്രാറ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉന്നയിക്കുന്നത്.
കൂടാതെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പെയും ഗ്രാറ്റിനെ പിന്തുണച്ച് രംഗത്ത് വന്നു.
“സിദാനെന്നാൽ ഫ്രാൻസ് എന്നും അർത്ഥമുണ്ട.ഒരു ഇതിഹാസത്തെ അപമാനിക്കാൻ നിങ്ങൾക്കാർക്കും അവകാശമില്ല,’ എംബാപ്പെ പറഞ്ഞു.
അതേസമയം ജനുവരി 12ന് ഏഞ്ചേഴ്സിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. മത്സരത്തിൽ നെയ്മർ, എംബാപ്പെ, മെസി എന്നിവർ ഒരുമിച്ച് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights:The French Football Association president said he will not pick up the phone if Zidane calls; Mbappe says Zidane means France