ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി അന്തിമ ഉത്തരവിറങ്ങി. ഞായറാഴ്ച ഉത്തരവിറങ്ങിയെങ്കിലും രാജ് ഭവന്‍ ചൂണ്ടിക്കാണിച്ച ചെറിയ പിശകുകള്‍ കാരണം പിന്‍വലിച്ചിരുന്നു. ഇത് തിരുത്തിയുള്ള അന്തിമ പട്ടികയാണ് ഇന്നലെ അര്‍ധരാത്രിയോടുകൂടി പുറത്തുവന്നിട്ടുള്ളത്. വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം പാലിച്ച് ജാതി സമവാക്യങ്ങളെല്ലാം പരിഗണിച്ചുള്ളതാണ് അവസാനഘട്ട പട്ടിക.
ഏഴ് മന്ത്രിമാര്‍ വൊക്കലിഗ വിഭാഗത്തില്‍ നിന്നും ഏഴ് മന്ത്രിമാര്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരുമാണ്. അഹിന്ത വിഭാഗത്തില്‍ നിന്ന് 13 മന്ത്രിമാരുമുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ 33 മന്ത്രിമാരാണ് കര്‍ണാടകയിലെ രണ്ടാം സിദ്ധരാമയ്യ സര്‍ക്കാരില്‍ ഉണ്ടാകുക. ദല്‍ഹിയില്‍ നടന്ന മൂന്ന് ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചയിലാണ് വകുപ്പ് വിഭജനം പൂര്‍ത്തിയായത്.
ധനകാര്യം, ഐ.ടി, ഇന്റലിജന്‍സ് തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ജലസേചനം, ബെംഗളൂരു നഗര വികസന വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കൈകാര്യം ചെയ്യും. ജി. പരമേശ്വര ആഭ്യന്തര മന്ത്രിയാകും. ഇന്റലിജന്‍സ് ഒഴികെയുള്ള വിഭാഗങ്ങളാകും അദ്ദേഹം കൈകാര്യം ചെയ്യുക. മന്ത്രിസഭയിലെ ഏക വനിത സാന്നിധ്യം ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കര്‍ വനിത, ശിശുക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യും.
എച്ച്.കെ പാട്ടീല്‍ നിയമകാര്യ വകുപ്പ്. കെ.എസ്. മുനിയപ്പ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്യും. മലയാളിയായ കെ.ജെ. ജോര്‍ജിന് ഊര്‍ജവകുപ്പ് നല്‍കി. വഖഫ് ബോര്‍ഡ്, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകള്‍ സമീര്‍ അഹമ്മദ് ഖാനാണ്.