കല്‍പ്പറ്റ: കനത്ത മഴയില്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 19 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ചൂരല്‍മലയില്‍ മാത്രമായി എട്ട് മരണങ്ങള്‍ സ്ഥിരീകരിച്ചു. ആറ് മൃതദേഹങ്ങള്‍ അട്ടമലയിലേക്ക് ഒഴുകിയെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 51 ആളുകള്‍ മേപ്പാടിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം മുണ്ടക്കൈ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യത്തിലാണ്. നിലവില്‍ ജില്ലാ അധികൃതര്‍ മുണ്ടക്കൈയിലേക്ക് എത്തുന്നതായി മന്ത്രി കെ. രാജന്‍ അറിയിച്ചു. മന്ത്രി കെ. രാജനുള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് മൃതദേഹങ്ങളും ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങളും ചാലിയാർ പുഴയിലേക്ക് ഒഴുകിയെത്തുന്നതായി നാട്ടുകാർ അറിയിച്ചു. മുണ്ടക്കൈ പുഴ ഒഴുകിയെത്തുന്നത് ചാലിയാർ പുഴയിലേക്കാണ്.
അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പി.എം.എന്‍.ആര്‍.എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവും മുന്‍ വയനാട് എം.പിമായ രാഹുല്‍ ഗാന്ധി കേന്ദ്രത്തോട് കൂടുതല്‍ സഹായം വയനാട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍.ഡി.ആര്‍.എഫിന്റെ നാല് സംഘങ്ങള്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടിയ പ്രദേശത്തേക്ക് സൈന്യവും ഉടൻ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്ന് 138 അംഗ സംഘവും കോഴിക്കോട് നിന്ന് 43 അംഗ സംഘവും എത്തും. സുളൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വ്യോമ സേനയുടെ ഹെലികോപ്റ്റർ എത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടി. വിലങ്ങാട് ഒരാളെ കാണാതായിട്ടുണ്ട്. ചെമ്പുകടവ് പാലം പൂര്‍ണമായും മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം വഴി വായനാട്ടിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: The district administration has confirmed that 19 bodies have been found in the Wayanad landslides