തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് വിവാദം സി.പി.ഐ.എം. അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് പറഞ്ഞ വിജയരാഘവന്‍ ഇനി അതേക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്നും പറഞ്ഞു.
‘ഒരു പ്രതികരണം വന്നു. അതിനോട് അതേരീതിയില്‍ പ്രതികരിച്ചു. അത് അവിടെ അവസാനിച്ചു’ എന്നായിരുന്നു വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിജയരാഘവന്റെ മറുപടി.
ബ്രണ്ണന്‍ കോളേജ് വിവാദം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വിടാതെ പിന്‍തുടരുമ്പോഴാണ് പ്രശ്‌നം അവസാനിപ്പിച്ചെന്ന നിലപാടുമായി സി.പി.ഐ.എം. എത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള തന്റെ വിമര്‍ശനം വ്യക്തിപരം തന്നെയെന്ന് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് താന്‍ പഠിച്ചിട്ടുള്ളതെന്നും
ഇനിയും ഇതുപാലെ പലതും പുറത്തുവരാനുണ്ടെന്നുമായിരുന്നു കെ. സുധാകരന്‍ പറഞ്ഞത്.
അതേസമയം, ബ്രണ്ണന്‍ കോളെജ് വിവാദങ്ങളില്‍ പ്രതികരണവുമായി കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ നേതാക്കളുടെ കോളെജ് കാലത്തെ അടിപിടിയെപ്പറ്റി പറയുന്നതിനോടൊപ്പം പ്രണയങ്ങളെ പറ്റിയും പറയണമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞത്. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അടിപിടിയെപ്പറ്റി പറയുന്നതോടൊപ്പം താരുണ്യ പ്രണയങ്ങളെപ്പറ്റിക്കൂടി പറയണം എന്ന് അഭ്യര്‍ഥിക്കുന്നു. പിന്നെ സ്‌കൂളില്‍ ചാമ്പമരത്തില്‍ കയറി കൊമ്പൊടിഞ്ഞു വീണത്, ഓട്ടമത്സരം ജയിച്ചത്, ഗോലി കളിച്ചു വിരല്‍ ഉളുക്കിയത്. എത്രയെത്ര വീരകൃത്യങ്ങള്‍ ബാക്കി കിടക്കുന്നു,’ സച്ചിദാനന്ദന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പരസ്പര വാഗ്വാദങ്ങളായിരുന്നു കേരളത്തിലെ ചര്‍ച്ചാ വിഷയം.
മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളെജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.
എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജയനെ ചവിട്ടി വീഴ്ത്താമെന്ന മോഹം സുധാകരനുണ്ടായിരിക്കാമെന്നും എന്നാല്‍ അതിനാകില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ വിശദീകരണം.
ഇരുവര്‍ക്കും പിന്നില്‍ പാര്‍ട്ടി നേതാക്കളും നിലയുറപ്പിച്ചതോടെ പരസ്പരവാദങ്ങളും മുറുകി.