World News
'ട്രഷറിയില്‍ കയറി' പൗരന്മാരുടെ സാമ്പത്തിക വിവരങ്ങള്‍ 'മോഷ്ടിക്കാനുള്ള' മസ്‌ക്കിന്റെ ശ്രമം തടഞ്ഞ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 09, 02:45 am
Sunday, 9th February 2025, 8:15 am

വാഷിങ്ടണ്‍: അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങള്‍ കൈക്കലാക്കുന്നതില്‍ നിന്നും എലോണ്‍ മസ്‌കിനെ തടഞ്ഞ് ന്യൂയോര്‍ക്ക് കോടതി. സെന്‍സിറ്റീവ് വിവരങ്ങള്‍ കൈക്കലാക്കി അനുചിതമായി വെളിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

യു.എസിലെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറലുകള്‍ (നിയമോപദേഷ്ടാക്കള്‍) കേസ് ഫയല്‍ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മസ്‌ക്കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന് യു.എസ് ട്രഷറി വകുപ്പിലേക്ക് പ്രവേശിക്കാന്‍ അധികാരമില്ലെന്നാണ് നിയമോപദേഷ്ടാക്കള്‍ പരാതി നല്‍കിയത്.

യു.എസ് ട്രഷറി വകുപ്പില്‍ കയറി അമേരിക്കന്‍ പൗരന്മാരുടെ സാമ്പത്തികവും സ്വകാര്യവുമായ വിവരങ്ങള്‍ എലോണ്‍ മസ്‌ക്ക് ‘മോഷ്ടിക്കാന്‍’ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

മാന്‍ഹട്ടിലെ യു.എസ് ജില്ലാ ജഡ്ജി പോള്‍ എംഗല്‍മയറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ മറ്റ് രാഷ്ട്രീയ നിയമനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. മസ്‌ക്കിന്റെ കൈവശമുള്ള ഇത്തരം രേഖകളെല്ലാം ഉടന്‍ തന്നെ നശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

പുതിയ നയം സെന്‍സിറ്റീവും രഹസ്യാത്മകവുമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ടെന്നും ഇത് ആദ്യമുള്ള സിസ്റ്റത്തേക്കാള്‍ കൂടുതല്‍ ഹാക്കിങ്ങിന് ഇരയാകാനുള്ള സാധ്യതയുണ്ടെന്നും കോടതി ഉത്തരവിട്ടു.

ക്ലിനിക്കുകള്‍, പ്രീസ്‌കൂളുകള്‍, കാലാവസ്ഥാ സംരംഭങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയ്ക്കുള്ള ഫെഡറല്‍ ഫണ്ടിങ് മസ്‌കും സംഘവും തടസപ്പെടുത്തിയേക്കാമെന്നും ട്രംപ് തന്റെ രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ചേക്കാമെന്നും പരാതിയില്‍ പറയുന്നു.

ഡോഗിന്റെ (DOGE) സിസ്റ്റത്തിലേക്കുള്ള പ്രവേശനം വലിയ സൈബര്‍ സുരക്ഷാ അപകടസാധ്യതകള്‍ ഉയര്‍ത്തുമെന്നും ഇത് സംസ്ഥാനങ്ങള്‍ക്കും അവരുടെ താമസക്കാര്‍ക്കും അവരുടെ വലിയ തോതിലുള്ള ഫണ്ടിങ്ങുകളെ അപകടത്തിലാക്കുന്നുവെന്നും നിയമോപദേഷ്ടാക്കള്‍ പറയുന്നു. അതിനാല്‍ ഡോഗിലേക്കുള്ള മസ്‌ക്കിന്റെ പ്രവേശനം തടയുന്നതിനായി താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Content Highlight: The court stopped Musk’s attempt to ‘steal’ financial information of citizens by entering the treasury