IPL
ആറ് വര്‍ഷം മുമ്പാണ് വിരാട് മികച്ച താരം, ഇപ്പോള്‍ അവനാണ് മികച്ച താരം: സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 07, 04:27 am
Monday, 7th April 2025, 9:57 am

ക്രിക്കറ്റിലേക്ക് തിരിച്ച് വരവിനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഏറെ കാലം പരിക്കിന്റെ പിടിയിലായ ബുംറ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് മാനേജ്മന്റ് ഇന്നലെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് ബുംറ ടീമിനൊപ്പം ചേര്‍ന്ന വിവരം അറിയിച്ചത്.

ഏപ്രില്‍ പകുതിയോടെ മാത്രമേ ബുംറ മുംബൈക്കൊപ്പം ചേരുകയുള്ളൂ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് താരം ടീമിനൊപ്പം ചേര്‍ന്നുവെന്ന് മാനേജ്മെന്റ് അറിയിച്ചത്.

അതേസമയം ഇന്ന് (തിങ്കള്‍) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായാണ് മുംബൈ ഇന്ത്യന്‍സിന്റെ മത്സരം. മത്സരത്തില്‍ ബുംറ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കരുത്തരായ ഫില്‍ സാള്‍ട്ടിന്റെയും വിരാട് കോഹ്‌ലിയുടേയും പാര്‍ട്ണര്‍ഷിപ്പ് തകര്‍ക്കാനും ശക്തമായി തിരിച്ചുവരാനും ബുംറയ്ക്ക് സാധിക്കുമെന്നും ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോള്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും നവ്‌ജോത് സിങ് സിദ്ദുവും. വിരാടിനേക്കാളും മികച്ച താരം ബുംറയാണെന്നാണ് സഞ്ജരേക്കര്‍ പറഞ്ഞത്. ആറ് വര്‍ഷം മുമ്പാണ് വിരാട് മികച്ച താരമെന്നും സഞ്ജയ് പറഞ്ഞു.

‘ആറ് വര്‍ഷം മുമ്പ് വിരാട് മികച്ച കളിക്കാരനായിരുന്നു, എന്നാല്‍ ഇപ്പോള്‍ ബുംറയാണ് മികച്ച താരം. ബുംറ തന്റെ ഉന്നതിയിലാണ്. വിരാട് ആ ദിവസങ്ങള്‍ പിന്നിട്ടു, വിരാട് പുറത്താകും,’ മഞ്ജരേക്കര്‍ പറഞ്ഞു.

എന്നാല്‍ സഞ്ജയുടെ അഭിപ്രായത്തെ നവ്ജോത് എതിര്‍ത്ത് സംസാരിക്കുകയും ചെയ്തു. വിരാടിനെ പുറത്താക്കാന്‍ കഴിയില്ലെന്നും ഐ.പി.എല്ലിന്റെ ആത്മാവാണ് വിരാടെന്നും മുന്‍ താരം നവ്‌ജോത് പറഞ്ഞു.

‘വിരാട് കോഹ്‌ലിയെ നിങ്ങള്‍ക്ക് പുറത്ത് നിര്‍ത്താന്‍ കഴിയില്ല. അദ്ദേഹം എല്ലാത്തിനും മുകളിലാണ്‌. വിരാട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആത്മാവാണ്,’ സിദ്ദു പറഞ്ഞു.

Content Highlight: IPL 2025:  Navjot Singh And Sanjay Manjrekar Talking About Indian Super Players