കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ഈ കേസില്‍ മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
നിലവില്‍ രണ്ട് മാസം പൂര്‍ത്തിയായെന്ന് നിരീക്ഷിച്ച കോടതി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം കൂടി വേണമെന്നും ചോദിച്ചു.
വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കി. ബാലചന്ദ്ര കുമാര്‍ ഈ 4 വര്‍ഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ നിന്ന് 81 പോയിന്റുകള്‍ കിട്ടിയെന്നും ഇത് സംബന്ധിച്ച തെളിവും ലഭിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു. കേസ് അന്തിമഘട്ടത്തിലണ്. ഏതാനും ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ട്. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കോടതി സമയപരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
അതേസമയം, കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിക്കെതിരെ കക്ഷി ചേരാന്‍ അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്നാണ് അതിജീവിത അപേക്ഷയില്‍ പറയുന്നത്.
കേസില്‍ തന്നെ മൂന്നാം എതിര്‍കക്ഷിയാക്കണം. തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാക്കുമെന്നും അപേക്ഷയില്‍ പറയുന്നു. കേസിലെ പരാതിക്കാരിയാണ് താന്‍. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പല കേസുകളിലും സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ നിയമപരമായി പ്രതിയുടെ ഹരജി നിലനില്‍ക്കില്ലെന്നും അപേക്ഷയില്‍ അതിജീവിത പറഞ്ഞു.