സുഡാന്‍ കലാപം; യു.എ.ഇക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് യു.എന്‍ അംബാസിഡര്‍
World News
സുഡാന്‍ കലാപം; യു.എ.ഇക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് യു.എന്‍ അംബാസിഡര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 9:15 pm

ഖാര്‍ത്തൂം: സുഡാനിലെ ആഭ്യന്തര കലാപത്തില്‍ യു.എ.ഇക്കെതിരെ രാജ്യത്തെ യു.എന്‍ അംബാസിഡര്‍. കലാപത്തിനിടെ യു.എ.ഇ ഒരു അര്‍ദ്ധ സൈനിക സേനയെ സുഡാനില്‍ ആയുധമാക്കിയെന്ന് യു.എന്‍ അംബാസിഡര്‍ അല്‍ ഹരിത് ഇദ്രിസ് അല്‍ ഹരിത് മുഹമ്മദ് പറഞ്ഞു.

ഏറ്റുമുട്ടലിനായുള്ള ആയുധ വിതരണത്തിന്റെ തെളിവുകള്‍ പക്കലുണ്ടെന്നും യു.എ.ഇയുടെ നിയമവിരുദ്ധമായ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഹരിത് മുഹമ്മദ് വ്യക്തമാക്കി. ഇതിനുപിന്നാലെ കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന രംഗത്തെത്തി.

14 മാസമായി തുടരുന്ന സുഡാനിലെ ആഭ്യന്തര കലാപം എത്തിനില്‍ക്കുന്നത് കടുത്ത പട്ടിണിയിലാണ്. സുഡാനിലെ സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള കലാപത്തില്‍ രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് വിധേയപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധിയുടെ വക്കിലാണ് സുഡാനെന്ന് അന്താരാഷ്ട്ര തലത്തിലെ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. രാജ്യത്തിനകത്ത് യുദ്ധം ചെയ്യുന്ന എല്ലാ വിഭാഗങ്ങളും സുഡാനിലേക്കുള്ള മാനുഷിക സഹായങ്ങളെ തടസപ്പെടുത്തുകയാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.

ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും മുഹമ്മദ് ഹംദാന്‍ ദഗലോയുടെ നേതൃത്വത്തിലുള്ള അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലാണ് സുഡാനില്‍ കലാപം നടക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം ആഭ്യന്തര കലാപത്തില്‍ 14,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 33,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 ദശലക്ഷം ആളുകള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തതായുമാണ് വ്യക്തമാകുന്നത്.

കലാപം അവസാനിപ്പിക്കുന്നതിനായി ആഗോള രാഷ്ട്രങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സുഡാന്‍ ആവശ്യപ്പെടുന്നു. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹക്കെതിരെ ലോക വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുഡാനിലെ കലാപം കൂടുതല്‍ കലുഷിതമാവുന്നത്.

Content Highlight: The country’s UN ambassador against the UAE in the civil unrest in Sudan