ന്യൂദല്‍ഹി: മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവും അദ്ദേഹത്തിന്റെ കാലത്തെ ധനകാര്യമന്ത്രി മന്‍മോഹന്‍സിങ്ങും നടപ്പിലാക്കിയ സാമ്പത്തിക ഉദാരവത്കരണത്തെയും സമ്പദ് വ്യവസ്ഥ തുറന്നുകൊടുത്ത നടപടിയെയുമാണ് കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചിരിക്കുന്നത്.
ഈ നടപടികള്‍ ലൈസന്‍സ് രാജ് യുഗത്തിന് അന്ത്യം കുറിക്കുന്നതായിരുന്നു എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തര്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1951ലെ വ്യവസായ നിയമം ലൈസന്‍സ് രാജ് യുഗത്തിന്റെ ബാക്കിപത്രമാണെന്നെ സുപ്രീം കോടതിയുടെ വിമര്‍ശനത്തോടായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം.
നരസിംഹ റാവുവും മന്‍മോഹന്‍ സിങ്ങും കമ്പനി നിയമം, ട്രേഡ് പ്രാക്ടീസസ് ആക്ട് ഉള്‍പ്പടെ നിരവധി നിരവധി നിയമങ്ങള്‍ പരിഷ്‌കരിച്ചെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാറുകള്‍ വ്യവസായ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
സാമ്പത്തിക പരിഷ്‌കരണം വഴി വന്‍മാറ്റങ്ങളുണ്ടായെങ്കിലും ഐ.ഡി.ആര്‍.എ അതേ നടപടി തുടര്‍ന്നു. ഇത് വിവിധ വ്യവസായങ്ങളെ നിയന്ത്രിക്കുന്നതിന് കേന്ദ്രത്തിന് സഹായകമായി. വ്യവസായങ്ങളെ നിയന്ത്രിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുന്നു എന്നതിന് മേല്‍നോട്ട സംവിധാമം ഇല്ലാകുന്നു എന്ന അര്‍ത്ഥമില്ല. കൊവിഡ് പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ വ്യവസായങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളില്‍ വ്യത്യാസമില്ലെന്നും കോണ്‍ഗ്രസ് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് ബി.ജെ.പിയും നടപ്പിലാക്കുന്നത് എന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ തന്നെയാണ് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളെ കോണ്‍ഗ്രസിന് വിമര്‍ശിക്കാന്‍ കഴിയാത്തത് അതെല്ലാം മുന്‍കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ നയങ്ങളുടെ തുടര്‍ച്ചയാണെന്ന് ഇടതുപക്ഷം ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കെ.പി.സി.സി യോഗത്തില്‍ നിന്ന് വിയോജിപ്പോടെ ഇറങ്ങി വന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റും പഴയ കോണ്‍ഗ്രസ് സര്‍ക്കാറുടെ സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു.
content highlights: The central government appreciated the economic policies of the Congress