അമൃതാനന്ദമയിക്കെതിരായ പുസ്തക ചര്‍ച്ച; എം.വി. നികേഷ് കുമാര്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കി
Kerala News
അമൃതാനന്ദമയിക്കെതിരായ പുസ്തക ചര്‍ച്ച; എം.വി. നികേഷ് കുമാര്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 9:10 am

കൊച്ചി: മാതാ അമൃതാനന്ദമയിക്കും അവരുടെ മഠത്തിലെ അന്തേവാസികള്‍ക്കുമെതിരായ പുസ്തകം ചാനലില്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത അപകീര്‍ത്തി കേസ് റദ്ദാക്കി കേരള ഹൈക്കോടതി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുന്‍ ഡയറക്ടര്‍ ആന്‍ഡ് ചീഫ് എഡിറ്റര്‍ നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ചാനല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പ്രകാശിനുമെതിരെ എടുത്ത കേസാണ് റദ്ദാക്കിയത്.

അപകീര്‍ത്തി കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്നു ഇവര്‍. കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റോതാണ് തീരുമാനം. തങ്ങള്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

അമൃതാനന്ദമയിയുടെ ഭക്ത നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നികേഷ് കുമാര്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 18ന് റിപ്പോർട്ടർ ചാനലില്‍ നടന്ന ബിഗ് സ്‌റ്റോറി എന്ന പരിപാടിയില്‍ ഗെയില്‍ ട്രെഡ്‌വെല്‍ എന്ന വിദേശ വനിത എഴുതിയ ‘ഹോളി ഹെല്‍’ (വിശുദ്ധ നരകം) എന്ന പുസ്തകത്തെ കുറിച്ച് നടന്ന ചര്‍ച്ചയാണ് കേസിന് ആസ്പദമായ സംഭവം.

പുസ്തകത്തില്‍ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ റിഷി കുമാറാണ് ചര്‍ച്ചയ്ക്കിടെ ഈ വിഷയം സംസാരിച്ചത്.

എന്നാല്‍ പുസ്തകത്തെ കുറിച്ച് റിഷി കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഹരജിക്കാര്‍ ഉത്തരവാദികളല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇവരെ അപകീര്‍ത്തി കേസില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വാദിയോ പ്രതിയോ ആയി കക്ഷി ഇല്ലാത്തതിനാല്‍ ഒന്നാം പ്രതിക്കെതിരായ ആരോപണം പരിഗണിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് പോലെ അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങള്‍ പുസ്തകത്തില്‍ ഉള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

Content Highlight: The case against journalists including M.V. Nikesh Kumar was quashed