പൂനെയില്‍ മോദിയെ 'പ്രതിഷ്ഠിച്ച' ബി.ജെ.പി നേതാവ് പാര്‍ട്ടിവിട്ടു
national news
പൂനെയില്‍ മോദിയെ 'പ്രതിഷ്ഠിച്ച' ബി.ജെ.പി നേതാവ് പാര്‍ട്ടിവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th October 2024, 7:46 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പൂനെയില്‍ ക്ഷേത്രം പണിത ബി.ജെ.പി നേതാവ് പാര്‍ട്ടിവിട്ടു. ഛത്രപതി ശിവജി നഗര്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്റും ശ്രീ നമോ ഫൗണ്ടേഷന്‍ നേതാവുമായിരുന്ന മയൂര്‍ മുണ്ഡെയാണ് ബി.ജെ.പി വിട്ടത്.

മറ്റു സംഘടനകളില്‍ നിന്ന് രാജിവെച്ച് വരുന്നവര്‍ക്കാണ് ബി.ജെ.പി മുന്‍ഗണന നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മുണ്ഡെ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. വിശ്വസ്തരെ ബി.ജെ.പി കണ്ടില്ലെന്ന് നടിക്കുകയാണെന്നും മയൂര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിശ്വസ്തരെ പാര്‍ട്ടി നേതൃത്വം യോഗത്തിലേക്ക് ക്ഷണിക്കുന്നില്ലെന്നും അഭിപ്രായങ്ങള്‍ ആരായുന്നില്ലെന്നും മയൂര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നുപോലും വിശ്വസ്തരായ നേതാക്കളെ നേതൃത്വം ഒഴിവാക്കുന്നുവെന്നും മയൂര്‍ മുണ്ഡെ പറഞ്ഞു.

ശിവജി നഗറിലെ ബി.ജെ.പി എം.എല്‍.എ സിദ്ധാര്‍ത്ഥ് ഷിറോള്‍ മണ്ഡലത്തില്‍ മികച്ച പദ്ധതികളൊന്നും നടപ്പിലാക്കിയില്ലെന്നും മയൂര്‍ മുണ്ഡെ പറഞ്ഞു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ക്ക് അയച്ച രാജികത്തിലാണ് മയൂര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

നരേന്ദ്ര മോദിക്ക് വേണ്ടി ക്ഷേത്രം പണിതതോടെയാണ് മയൂര്‍ മുണ്ഡെ ശ്രദ്ധേയനായത്. ബി.ജെ.പി അനുയായിയായ തനിക്ക് മോദിജിയില്‍ നിന്നും ദിവസേന അനുഗ്രഹം വാങ്ങുന്നതിനായാണ് ക്ഷേത്രം പണിതതെന്നായിരുന്നു മയൂരിന്റെ അന്നത്തെ പ്രതികരണം.

2021ലാണ് ക്ഷേത്രം നിര്‍മിച്ചത്. ജയ്പുരില്‍ നിന്ന് എത്തിച്ച ചെങ്കല്ലും മാര്‍ബിളും ഉപയോഗിച്ചാണ് മയൂര്‍ മോദിക്കായി ക്ഷേത്രം പണിതത്. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി 1.5 ലക്ഷം രൂപ ചെലവഴിച്ച് ടഫന്‍ഡ് ഗ്ലാസ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ വിഷയം രാഷ്ട്രീയമായി ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് ക്ഷേത്രം പൊളിച്ചു മാറ്റണമെന്ന് ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ മയൂരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്ഷേത്രം പൊളിക്കാന്‍ മയൂര്‍ തയ്യാറായിരുന്നില്ല.

Content Highlight: The BJP leader who built a temple for Narendra Modi in Pune left the party