Entertainment news
എക്സ്പെൻസ് കൂടുതലാണ്, ചെറിയ സിനിമകൾ തിയേറ്ററിൽ കാണണമെന്ന് വാശി പിടിക്കാൻ പറ്റില്ല: ശരൺ വേണുഗോപാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 10:06 am
Sunday, 16th March 2025, 3:36 pm

നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ തിയേറ്ററിൽ വിജയം കണ്ടില്ലെങ്കിലും ഒ.ടി.ടിയിൽ ചർച്ചയായിരിക്കുകയാണ്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് നാരായണീൻ്റെ മൂന്നാണ്മക്കൾ. ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമിച്ചത്. സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ, സജിത മഠത്തിൽ, തോമസ്, ഗാർഗി എന്നിവരാണ് പ്രധാനകഥാപാത്രത്തിനെ അവതരിപ്പിച്ചത്.

ഇപ്പോൾ ചിത്രത്തെക്കുറിച്ചും അതിനോടനുബന്ധിച്ചുള്ള ചർച്ചകളെപ്പറ്റിയും പറയുകയാണ് സംവിധായകനായ ശരൺ വേണുഗോപാൽ.

ഏതൊരു ഫിലിം മേക്കറിനും തിയേറ്ററാണ് ഏറ്റവും പ്രധാനമെന്നും തിയേറ്ററിന് വേണ്ടി ഡിസൈൻ ചെയ്ത സിനിമയാണ് നാരായണീന്‍റെ മൂന്നാണ്മക്കളെന്നും അദ്ദേഹം പറഞ്ഞു. അതിൻ്റെ മൊത്തത്തിലുള്ള എക്സ്പീരിയൻസ് കിട്ടണമെങ്കിൽ തിയേറ്ററിലേക്ക് തന്നെ പോകണമെന്നും പറയുകയാണ് ശരൺ. എന്നാൽ റിയാലിറ്റിയിലേക്ക് വരികയാണെങ്കിൽ പ്രത്യേക സിനിമകൾ കാണാൻ മാത്രമാണ് ആളുകൾ തിയേറ്ററിലേക്ക് പോകുന്നതെന്നും ശരൺ പറയുന്നു. തിയേറ്ററിൽ പോയി സിനിമ കാണുന്നത് വളരെ എക്സ്പെൻസ് ആണെന്നും കൂട്ടിച്ചേർക്കുന്നുണ്ട് ശരൺ.

 

ചെറിയ സിനിമകൾ തിയേറ്ററിൽ പോയി കാണണമെന്ന് വാശി പിടിക്കാൻ പറ്റില്ലെന്നും അവിടെയാണ് ഒ.ടി.ടി പോലുള്ള മാധ്യമങ്ങളുടെ പ്രാധാന്യമെന്നും ശരൺ പറയുന്നു. ഒ.ടി.ടിയിൽ വന്നപ്പോൾ ഒരുപാട് പേര് കാണുന്നുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും ശരൺ പറഞ്ഞു.

ദി മലബാർ ജേർണൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശരൺ ഇക്കാര്യം പറഞ്ഞത്.

‘ഏതൊരു ഫിലിം മേക്കറിനും തിയേറ്റർ എന്ന് പറഞ്ഞാൽ അതാണ് ഏറ്റവും ഇംപോർട്ടൻ്റ്. സിനിമ ചെയ്യുന്നത് തിയേറ്ററിന് വേണ്ടിയിട്ടാണ്. ഈ സിനിമയാണെങ്കിലും ടെക്നിക്കലി ഡിസൈൻ ചെയ്തിരിക്കുന്നത് തിയേറ്റർ എക്സ്പീരിയൻസിന് വേണ്ടിയിട്ടാണ്. മൊത്തത്തിൽ ഒരു എക്സ്പീരിയൻസ് കിട്ടണമെങ്കിൽ തിയേറ്ററിൽ തന്നെ പോകണം. പക്ഷെ റിയാലിറ്റിയിലേക്ക് വരുവാണെങ്കിൽ, എനിക്ക് തോന്നുന്നു ആളുകൾക്ക് ഇപ്പോൾ കുറച്ചായിട്ട് പ്രത്യേക പടങ്ങൾ മാത്രമാണ് തിയേറ്ററിലേക്ക് പോകാൻ ഇഷ്ടമുള്ളു.

ഒരുപാട് ഫാക്ടേഴ്സ് ഉണ്ട്. അതൊരുപാട് ചർച്ച ചെയ്യപ്പെട്ടതാണ്. ഒരു സാധാരണക്കാരന് തിയേറ്ററിൽ പോയി സിനിമ കാണണമെങ്കിൽ വളരെ എക്സ്പെൻസായി മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ്. ചെറിയ സിനിമകൾ എല്ലാവരും തിയേറ്ററിൽ വന്ന് കാണണമെന്ന് വാശി പിടിക്കാൻ പറ്റില്ല.

അവിടെയാണ് ഇപ്പോൾ ഒ.ടി.ടി പോലെയുള്ള മാധ്യമങ്ങളുടെ പ്രാധാന്യം. ആദ്യത്തെ നാല് ദിവസങ്ങൾക്ക് നല്ല പ്രതികരണമുണ്ടായിരുന്നു. പിന്നെ ബാക്കി സിനിമയൊക്കെ വന്നപ്പോൾ ഈ സിനിമയുടെ സ്വഭാവം വച്ച് വലിയ തള്ളിക്കേറ്റമൊന്നും ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ ഒ.ടി.ടിയിൽ വന്നപ്പോൾ ഒരുപാട് പേര് കാണുന്നുണ്ട്. അതിൽ സന്തോഷമുണ്ട്,’ ശരൺ പറഞ്ഞു.

Content Highlight: Saran Venugopal Talking about Narayaneente Moonnanmakkal