ആഷസ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ലീഡ് നേടി ഇംഗ്ലണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ ലീഡ് നേടിയാണ് ഇംഗ്ലണ്ട് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബാറ്റിങ് തുടരുന്നത്.
ഓപ്പണര്‍ സാക്ക് ക്രോളിയുടെ സെഞ്ച്വറിയും മോയിന്‍ അലി, ജോ റൂട്ട് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന് തുണയായത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 72 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ ബാറ്റിങ് തുടരുന്നത്. ആറിനോട് അടുപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ കറന്റ് റണ്‍റേറ്റ്.
നേരത്തെ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് കങ്കാരുക്കളെ 317 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. മാര്‍നസ് ലബുഷാന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് മുന്നൂറ് കടന്നത്. ലബുഷാന്‍ 115 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ മാര്‍ഷ് 60 പന്തില്‍ 51 റണ്‍സ് നേടി പുറത്തായി.
ഇവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ് (65 പന്തില്‍ 48) സ്റ്റീവ് സ്മിത്ത് (52 പന്തില്‍ 41), മിച്ചല്‍ സ്റ്റാര്‍ക് (93 പന്തില്‍ പുറത്താകാതെ 36), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍ 32) എന്നിവരാണ് ഓസീസിന്റെ മറ്റ് റണ്‍വേട്ടക്കാര്‍.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രോഡ് രണ്ട് വിക്കറ്റും നേടി. ആന്‍ഡേഴ്‌സണ്‍, മോയിന്‍ അലി, മാര്‍ക് വുഡ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ പത്ത് കടക്കും മുമ്പ് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിനെ ത്രീ ലയണ്‍സിന് നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ആറ് പന്തില്‍ ഒറ്റ റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.