തവനൂർ: തവനൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി ജലീലിനെതിരെ മത്സരിക്കാൻ കോൺഗ്രസ് ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കുമെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ പ്രാദേശിക തലത്തിൽ വിമർശനങ്ങൾ ശക്തമാകുന്നു.
തവനൂരിൽ ഫിറോസ് കുന്നം പറമ്പിൽ അല്ല വേണ്ടത് യുവ നേതാവ് റിയാസ് മുക്കോളിയാണ് വേണ്ടത് എന്നാണ് പ്രാദേശിക തലത്തിൽ ആവശ്യം ഉയരുന്നത്. ഇക്കാര്യം നേതാക്കൾ ശ്രദ്ധയിൽ വെക്കണമെന്ന അഭിപ്രായം ഇതിനോടകം തന്നെ പലരും ഫേസ്ബുക്കിൽ പങ്കുവെച്ചു കഴിഞ്ഞു. നേരത്തെ ജലീലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെ കോൺഗ്രസ് കളത്തിലിറക്കുമെന്ന സൂചനകൾ വന്നിരുന്നു.
തവനൂരിൽ ജലീൽ തന്നെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ സ്ക്രീനിംഗ് കമ്മിറ്റിയിലെ മുതിർന്ന അംഗം ഫിറോസ് കുന്നംപറമ്പിലിനെ വിളിച്ചെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി കെെപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫിറോസ് യു.ഡി.എഫിന്റെ സാധ്യതാ പട്ടികയിൽ ഉണ്ടെന്നും സൂചനകളുണ്ടായിരുന്നു. നേരത്തെ ജലീലിനെതിരെ തവനൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിലാണ് കെ.ടി ജലീൽ തവനൂരിൽ നിന്ന് വിജയിച്ചത്. ജലീലിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി രണ്ടു തവണയും നഷ്ടപ്പെട്ട മണ്ഡലം പിടിക്കാനുള്ള സജീവ ശ്രമത്തിലാണ് യു.ഡി.എഫ് ഉള്ളത്. എന്നാൽ പ്രാദേശിക തലത്തിൽ ഫിറോസ് കുന്നംപറമ്പിലിന് പിന്തുണയില്ലെന്ന റിപ്പോർട്ടുകളും ഫിറോസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനവും ഉയരുന്ന സാഹചര്യത്തിൽ മറ്റു ആലോചനകളിലേക്കും യു.ഡി.എഫ് കടന്നേക്കും.