ആ ഇക്ക ഞാനല്ല, മുസ്‌ലിമല്ല പിന്നെ എങ്ങനെ ഇക്കയാവും: ശരത് ജി. നായര്‍
actress attack case
ആ ഇക്ക ഞാനല്ല, മുസ്‌ലിമല്ല പിന്നെ എങ്ങനെ ഇക്കയാവും: ശരത് ജി. നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th January 2022, 7:30 am

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വെളിപ്പെടുത്തലുകളിലുള്ള വി.ഐ.പി താനല്ലെന്ന് ശരത് ജി. നായര്‍. താന്‍ ഇതുവരെ ഒളിവില്‍ പോയിട്ടില്ലെന്നും ശരത് വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് ശരത് ഇക്കാര്യം പറഞ്ഞത്.

‘നടിയെ ആക്രമിച്ച കേസുമായോ അതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിലൊ ഒരുതരത്തിലുള്ള പങ്കുമില്ല. എല്ലാ ആരോപണങ്ങളും അവാസ്ഥവമാണ്,’ ശരത് പറഞ്ഞു.

താന്‍ ഇതുവരെ ഒളിവില്‍ പോയിട്ടില്ലെന്നും ആലുവയിലെ വീട്ടില്‍ തന്നെയുണ്ടെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെ. വിവാദങ്ങള്‍ക്ക് പിന്നാലെ ഫോണ്‍ ഓഫാക്കിവെച്ചത് ആളുകളുടെ ശല്യം മൂലമാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ച് അറിയില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണ്. വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഇതിന് തയ്യാറാണോ എന്നും ശരത് ജി. നായര്‍ ചോദിച്ചു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഇക്ക എന്ന് പറയുന്നത് തന്നെയല്ലെന്നും താനൊരു മുസ്‌ലിംമല്ല, പിന്നെ എങ്ങനെ ഇക്കയാവുമെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ച് നല്‍കിയെന്ന ആരോപണവും ശരത് നിഷേധിച്ചു. ദിലീപ് അടുത്ത സുഹൃത്താണ്, അതില്‍ കവിഞ്ഞ ബിസിനസ് ബന്ധങ്ങളില്ല. അഞ്ച് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓര്‍മിക്കുന്നില്ലെന്നും ശരത് പറഞ്ഞു.

അതേസമയം, കേസിലെ അന്വേഷണ ഉദ്യാഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായിരിക്കുന്നത്.

ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്തത്. ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എസ്. പി. മോഹനചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.


Content Highlights: That Ikka is not me, not a Muslim, then how can became as a Ikka: Sarath G. Nair