Advertisement
Film News
കോബ്രയില്‍ വീണ്ടും റഹ്മാന്‍ മാജിക്; തരംഗമാവാന്‍ തരംഗിണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 12, 04:11 pm
Tuesday, 12th July 2022, 9:41 pm

വിക്രം നായകനാവുന്ന കോബ്രയിലെ രണ്ടാമത്തെ ഗാനം പുറത്ത്. തരംഗിണി എന്ന പാട്ടിന്റെ ലിറിക്ക് വീഡിയോ സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടത്.

എ.ആര്‍. റഹ്മാന്‍ ഈണം നല്‍കിയ പാട്ട് പാടിയിരിക്കുന്നത് സാര്‍തക് കല്യാണിയാണ്. താമരൈ ആണ് ഗാനത്തിന് വരികള്‍ എഴുതിയത്. ശ്രീനിഥി ഷെട്ടിയാണ് ചിത്രത്തില്‍ വിക്രത്തിന്റെ നായിക.

ഇരുവരുടെയും പ്രണയ നിമിഷങ്ങളും ഗാനരംഗങ്ങളില്‍ കാണാം. നേരത്തെ പുറത്ത് വന്ന തുമ്പിതുള്ളല്‍ എന്ന ഗാനം വലിയ തരംഗമായിരുന്നു.

ഇമൈക്ക നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

കോബ്രായുടെ ഓഡിയോ ലോഞ്ച് ഇന്ന് ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. എ.ആര്‍. റഹ്മാന്‍, ഇര്‍ഫാന്‍ പത്താന്‍, ധ്രുവ് വിക്രം, റോഷന്‍ മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിന്‍, കെ.എസ്. രവികുമാര്‍, മിയ ജോര്‍ജ്, ഡോക്ടര്‍ അജയ് ജ്ഞാനമുത്തു തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റ്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: tharangini song from cobra starring vikram and srinidhi shetty