ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലിരിക്കുകയാണ്. മഴ, പത്മനാഭന്‍ കഥയിലെന്ന പോലെ പെയ്തുകൊണ്ടിരുന്ന ഒരു ദിവസം. മഴ പെട്ടന്ന് നില്‍ക്കുകയും ഇടയിലേക്ക് മഞ്ഞ വെയില്‍ കയറി വരികയും ചെയ്തു.
വിഷയം, സംഗീതമായിരുന്നു. പ്രിയപ്പെട്ട ഹിന്ദുസ്ഥാനി രാഗങ്ങള്‍, പാട്ടുകള്‍ – ഈ സംസാരത്തിനിടയിലേക്ക് ചലച്ചിത്രഗാനങ്ങള്‍ കടന്നു വന്നു.
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാള ചലച്ചിത്ര ഗാനങ്ങളില്‍ പൂവച്ചല്‍ ഖാദര്‍ എഴുതിയ ഒരു പാട്ടുണ്ട്. ഏത് ഏകാകിയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ട്…’
പക്ഷെ, ആ പാട്ടിലെ വരികള്‍ അപ്പോള്‍ പത്മനാഭന്റെ ഓര്‍മയില്‍ വന്നില്ല. എപ്പോഴും ഓര്‍ക്കുന്നതാണെങ്കിലും അപ്പോള്‍ ചുണ്ടില്‍ പിടി തരാതെ നിന്നു.
പൂവച്ചല്‍ ഖാദര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത അപൂര്‍വം മലയാളികളില്‍ ഒരാളാണ്. അദ്ദേഹം ലാന്‍ഡ് ഫോണിന്റെ ഗൃഹാതുര റിംഗ് മാത്രം പ്രതീക്ഷിച്ചു. അതിലുള്ള ബന്ധങ്ങള്‍ മാത്രം പുതുക്കി. ആര്‍ത്തിയോടെ ആരെയും വിളിച്ചുമില്ല.
പൂവച്ചല്‍ ഖാദര്‍ ഫോണ്‍ എടുത്തു. ടി. പത്മനാഭന്റെ അരികില്‍ നിന്നാണ് വിളിക്കുന്നത് എന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷവാനായി…
പ്രിയപ്പെട്ട കഥാകാരനാണ്.
‘സര്‍, അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്ന മലയാള സിനിമാ ഗാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് താങ്കള്‍ എഴുതിയ ഒരു ഗാനമാണ്. ആ വരികള്‍ ഓര്‍മ വരുന്നില്ല.. ചിലപ്പോള്‍ കുറച്ചു കഴിഞ്ഞാല്‍…’
ഓര്‍മയുടെ കടലാണ് ടി.പത്മനാഭന്‍. ആ പാട്ട് ഏതാണെന്ന്… മറന്നു പോയി!
പൂവച്ചല്‍ ഖാദര്‍ മറുതലക്ക് ചിരിച്ചു, സൗമ്യമായി. ‘കുറേ ഗാനങ്ങള്‍ എഴുതീട്ടുണ്ടല്ലൊ… എന്നാലും, ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍….’ അതായിരിക്കാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗാനം. കാരണം, അത് അങ്ങനെയൊരു ഗാനമാണല്ലൊ…’
‘നാഥാ നീ വരും… കാലൊച്ച കേള്‍ക്കുവാന്‍…’
ടി.പദ്മനാഭന്‍ പറഞ്ഞു. അതെ, അതു തന്നെയാണ്. എത്ര മനോഹരമാണ് ആ പാട്ട്…
മലയാളത്തിലെ ഏകാന്ത വിസ്മയമാണ്, ആ ഗാനം. ശരിക്കും മിസ്റ്റിക് ലിറിക്.
പൂവച്ചല്‍ ഖാദര്‍,
പ്രിയപ്പെട്ട എഴുത്തുകാരാ, വിട
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Thaha Madayi writes about Poovachal Khader