D' Election 2019
'തൃശ്ശൂര്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്, അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റണം'; വര്‍ഗീയ പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 08, 02:27 am
Monday, 8th April 2019, 7:57 am
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയോട് പെരുമാറ്റ ചട്ടലംഘനത്തെ തുടര്‍ന്ന് വിശദീകരണണം തേടിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസ്.

തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളതെന്നും അനുപമ കൃസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റേണ്ടതാണെന്നുമാണ് മോഹന്‍ദാസിന്റെ പരാമര്‍ശം. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും അതിനാലാണിതെന്നും മോഹന്‍ദാസ് പറയുന്നു.

ട്വിറ്ററിലൂടെയായിരുന്നു മോഹന്‍ദാസിന്റെ പരാമര്‍ശം. കൊച്ചി ദേവസ്വം ബോര്‍ഡിലെ ഒരു സീനിയര്‍ തസ്തികയില്‍ ഇരിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ് മുസ്ലിം ആണെന്നും അവര്‍ പ്രാക്ടീസിങ് ഹിന്ദുവാണോ എന്ന് സംശയമുണ്ട്. പക്ഷേ അവര്‍ കമ്മീഷണര്‍ വരെ എത്തിയേക്കുമെന്നും മറ്റൊരു ട്വീറ്റും മോഹന്‍ദാസ് നടത്തിയിട്ടുണ്ട്

നേരത്തെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ”ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്. ഇത് എന്തൊരു ജനാധിപത്യമാണ്? അയ്യന്റെ അര്‍ഥം എന്താണെന്നു പരിശോധിക്കൂ.”- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.

 

തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപിയെ പിന്തുണച്ച് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനും ഇതിനിടെ രംഗത്തുവന്നു. കളക്ടറുടെ നടപടി വിവരക്കേടാണെന്നും കളക്ടര്‍ക്ക് എടുക്കാന്‍ പറ്റുന്ന എല്ലാ നടപടിയും എടുക്കട്ടെയെന്നും എല്ലാം തങ്ങള്‍ നോക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയുടെ പേരുപറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.