എമ്പുരാന്‍ സിനിമയുടെ വിഷയത്തില്‍ പൃഥ്വിരാജ് സുകുമാരനെ ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ പോകുന്നതെന്ന് നിര്‍മാതാവ് എ.എസ്. ഗിരീഷ് ലാല്‍. ഇന്ത്യയില്‍ കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എല്ലാ പിന്തുണയും നല്‍കുന്ന രാജ്യമാണ് നമ്മളുടേതെന്നും അദ്ദേഹം പറയുന്നു.
പക്ഷെ ഇവിടെയിപ്പോള്‍ ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാത്ത, ഭയപ്പെടുത്തിയുള്ള അടിച്ചേല്‍പ്പിക്കലാണ് നടന്നിരിക്കുന്നതെന്നും ഭയന്നിട്ട് തന്നെയാണ് അവര്‍ എമ്പുരാന്‍ എഡിറ്റ് ചെയ്തതെന്നും ഗിരീഷ് ലാല്‍ പറയുന്നു. 2011ല്‍ എം. മോഹനന്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്ത മാണിക്യക്കല്ല് എന്ന സിനിമയുടെ നിര്‍മാതാവാണ് എ.എസ്. ഗിരീഷ് ലാല്‍.
സിനിമയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മോഹന്‍ലാലിന്റെയും നിര്‍മാതാവായ ഗോകുലം ഗോപാലന്റെയും വീടുകളില്‍ ഇ.ഡിയും മറ്റ് കേന്ദ്ര ഏജന്‍സികളും ക്യൂ നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ രാജുവിനെ ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് പോകുന്നത് എന്നാണ് ഞാന്‍ മനസിലാക്കിയത്. പക്ഷെ അത് ശരിയായ രീതിയല്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍.
ഇന്ത്യയില്‍ കേന്ദ്ര ഗവണ്‍മെന്റാണെങ്കിലും സംസ്ഥാന ഗവണ്‍മെന്റാണെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഒരു വിലക്കും ആരും ഏര്‍പ്പെടുത്തിയിട്ടില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എല്ലാ പിന്തുണയും നല്‍കുന്ന രാജ്യമാണ് നമ്മളുടേത്.
പക്ഷെ ഇവിടെ ഇപ്പോള്‍ ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാത്ത, ഭയപ്പെടുത്തിയുള്ള അടിച്ചേല്‍പ്പിക്കലാണ് നടന്നിരിക്കുന്നത്. അവര്‍ ഭയന്നിട്ട് തന്നെയാണ് എമ്പുരാന്‍ വെട്ടിമുറിച്ച് മാറ്റിയത്.
പല തരത്തിലുമുള്ള പേടിയുണ്ടാകുമല്ലോ. മോഹന്‍ലാലിനെ പോലെയൊരു ആര്‍ട്ടിസ്റ്റിനെ വെച്ചാണ് ആ സിനിമ ചെയ്തത്. അവര്‍ പറഞ്ഞതിന് വിധേയമായില്ലെങ്കില്‍ നാളെ രാവിലെ മോഹന്‍ലാലിന്റെ വീട്ടില്‍ കേന്ദ്ര ഏജന്‍സികളൊക്കെ ക്യൂ നില്‍ക്കില്ലേ.
ഗോകുലം ഗോപാലനെ പോലെയുള്ള ഒരു വലിയ ബിസിനസുകാരനും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. സിനിമയോട് കമിറ്റ്‌മെന്റുള്ള ആളാണ് ഗോകുലം ഗോപാലന്‍. പഴശ്ശിരാജ ഉള്‍പ്പെടെയുള്ള എത്രയോ പടങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
ഈ സിനിമയെ വെട്ടിമുറിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വീട്ടിലും അടുത്ത ദിവസം ഇ.ഡിയും മറ്റ് ഏജന്‍സികളും വരും. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും ഇ.ഡി കയറിയിറങ്ങും.
അതുകൊണ്ട് ഭയന്ന് തന്നെയാണ് അവര്‍ എമ്പുരാനെ വെട്ടിമുറിച്ചത്. ഭയന്നിട്ടല്ലെന്ന് ആര് പറഞ്ഞാലും അത് ശരിയല്ല. ആന്റണി പെരുമ്പാവൂര്‍ ഭയമൊന്നും ഇല്ലെന്ന് പറയുന്നു. പക്ഷെ അങ്ങനെയല്ല ഭയന്ന് തന്നെയാണ് അവര്‍ അത് ചെയ്തത്,’ എ.എസ്. ഗിരീഷ് ലാല്‍ പറയുന്നു.
Content Highlight: Producer AS Gireesh Lal Supports Prithviraj Sukumaran Over Empuraan Controversy