World News
'അമേരിക്ക പിന്മാറാത്തിടത്തോളം പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ല'; ആന്റാല്യ ഡിപ്ലോമസി ഫോറത്തില്‍ ജെഫറി സാച്ച്സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 14, 11:32 am
Monday, 14th April 2025, 5:02 pm

അങ്കാറ: പശ്ചിമേഷ്യ സമാധാനമില്ലാതെ തുടരുന്നതിന് പ്രധാന കാരണം അമേരിക്കയുടെ ഇടപെടലുകളാണെന്ന് പ്രസിദ്ധ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ആഗോളനയ നിരീക്ഷകനുമായ ജെഫറി സാച്ച്സ്. തുര്‍ക്കിയിലെ 2025 ആന്റാല്യ ഡിപ്ലോമസി ഫോറത്തിലായിരുന്നു ജെഫറിയുടെ പരാമര്‍ശം.

ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി പശ്ചിമേഷ്യയെ തങ്ങളുടെ താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണെന്നും സാച്ച്സ് പറഞ്ഞു. വേര്‍സെയ്ലിസ് ഉടമ്പടി മുതല്‍ തന്നെ പശ്ചിമേഷ്യയുടെ ഭാവി പാശ്ചാത്യരാജ്യങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സിറിയയിലും ഗസയിലും നടക്കുന്ന യുദ്ധങ്ങളും കലാപങ്ങളും പൂര്‍ണമായും ഈ ദേശങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കൊണ്ടല്ല ഉണ്ടായത്. അമേരിക്കയുടെ ഇടപെടലുകളും ഇസ്രഈലിന്റെ തന്ത്രങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളും കാരണമാണ്,’ ജെഫറി സാച്ച്സ്

അമേരിക്ക പശ്ചിമേഷ്യയില്‍ നിന്ന് പിന്മാറാതെ ഈ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സഹായം കൊണ്ട് ഇറാനെ തടയാമെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ അത് ശാന്തിയും സമാധാനവും കൊണ്ടുവരില്ലെന്നും ജെഫറി കൂട്ടിച്ചേര്‍ത്തു.

പാശ്ചാത്യരാജ്യങ്ങള്‍ക്ക് സിറിയയോ തുര്‍ക്കിയോ ലെബനോണോ പ്രശ്നമല്ലെന്നും തങ്ങളുടേതായ താത്പര്യങ്ങളാണ് പ്രധാനമെന്നും സാച്ച്സ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹം എന്നത് ഇപ്പോള്‍ നമുക്ക് കാണാനാവുന്ന ഒരു യാഥാര്‍ത്ഥ്യം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയിലും ഗസയിലും നടക്കുന്ന യുദ്ധങ്ങളും കലാപങ്ങളും പൂര്‍ണമായും ഈ ദേശങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ടല്ല ഉണ്ടായതെന്നും അമേരിക്കയുടെ ഇടപെടലുകളും ഇസ്രഈലിന്റെ തന്ത്രങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘പശ്ചിമേഷ്യയിലെ വിഷയങ്ങളിലുള്ള ഇന്ത്യയുടെ നിലപാട് സമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നത് ആയിരിക്കണം,’ ജെഫറി സാച്ച്സ്

അമേരിക്കയുടെ സൈനിക പിന്തുണയും യുദ്ധനയങ്ങളും സമാധാനത്തിന് വലിയ തടസമാണെന്നും സാച്ച്സ് പറഞ്ഞു. പശ്ചിമേഷ്യയിലെ ഭരണകൂടങ്ങളെ വീഴ്ത്താനുളള ശ്രമങ്ങള്‍ അമേരിക്ക അവസാനിപ്പിക്കുകയും ഈ മേഖലയിലെ ജനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അവസരം നല്‍കുന്നതിലൂടെയും മാത്രമേ പശ്ചിമേഷ്യക്ക് സമാധാനത്തിലേക്ക് എത്താന്‍ കഴിയൂവെന്നും സാച്ച്സ് പറഞ്ഞു.

ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതായിരിക്കണമെന്നും പ്രദേശിക രാജ്യങ്ങള്‍ തമ്മില്‍ സംവാദവും സഹകരണവും നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘There will be no peace in the Middle East unless America withdraws’; Jeffrey Sachs at Antalya Diplomacy Forum