കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സമരവുമായി രംഗത്തുവന്ന ഹിന്ദുത്വ സംഘടനകളെ പരിഹസിച്ച് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദു യുവതികള്‍ കയറാതെ നോക്കാന്‍ എന്താ ആവേശം എന്നു പറഞ്ഞാണ് മോഹന്‍ദാസിന്റെ പരിഹാസം.
“എന്തൊരാള്‍ക്കൂട്ടം! എന്തൊരാവേശം ക്രിസ്ത്യാനിക്കും മുസ്‌ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുയുവതികള്‍ കയറാതെ നോക്കാന്‍! – മാസത്തിലൊരു ദിവസം പോലും അനുവദിക്കാതിരിക്കാന്‍ സ്വാമിയേ ശരണമയ്യപ്പാ ??” എന്നാണ് മോഹന്‍ദാസിന്റെ ട്വീറ്റ്.
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതുമുതല്‍ തന്നെ അതിനെ അനുകൂലിച്ച് ടി.ജി മോഹന്‍ദാസ് രംഗത്തുവന്നിരുന്നു. കോടതിവിധിയെ ഏറെ പ്രശംസിക്കുകയും ചെയ്തിരുന്നു. “ഇത്രയധികം ബഹുമാനത്തോടെയും അനുതാപപൂര്‍വ്വവും സുപ്രീം കോടതി സാധാരണ വിധിയെഴുതാറില്ല.” എന്നുപറഞ്ഞാണ് മോഹന്‍ദാസ് കോടതി വിധിയെ പ്രശംസിച്ചത്.
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടാണ് ദേശീയ തലത്തില്‍ ആര്‍.എസ്.എസ് സ്വീകരിച്ചത്. ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലും ആരാധനയ്ക്കായി സ്ത്രീകളോട് വിവേചനം പാടില്ലെന്നാണ് ആര്‍.എസ്.എസ് നിലപാട്. ആര്‍.എസ്.എസ് ബൈഠക്കില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അതിനെ പിന്തുടരുകയാണ് മോഹന്‍ദാസും ചെയ്തിരിക്കുന്നത്.
ലിംഗഭേദമന്യേ ഹിന്ദു ഐക്യം എന്ന ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന വിലയിരുത്തലുമുണ്ട്.