ഒരു ജനതയെ സ്വന്തം നാട്ടിലെ അഭയാര്‍ത്ഥികളാക്കി മാറ്റിക്കൊണ്ട് അമേരിക്കന്‍ സഹായത്തോടെ അധിനിവേശം നടത്തിയ ഇസ്രഈലിന്റെ കിരാതത്വമാണ് 38 വര്‍ഷം മുമ്പിറങ്ങിയ ആ പുസ്തകം അനാവരണം ചെയ്യുന്നത്. അറബ് നാടുകളില്‍ നിന്ന് പര്യവേഷണം നടത്തി കണ്ടെത്തിയ എണ്ണപ്പാടങ്ങളില്‍ കണ്ണ് നട്ട് അവര്‍ക്ക് നടുക്ക് ഒരു കുട്ടിക്കുരങ്ങനെ പാലൂട്ടി വളര്‍ത്തുകയായിരുന്നു അമേരിക്ക. എന്നും അമേരിക്ക പറയുന്ന ചുടു ചോറ് മാന്തിപ്പോരുകയായിരുന്നു ഇസ്രഈല്‍. ആ ഇസ്രഈലിന് വേണ്ടി എത്രയെത്ര തവണയാണ് അമേരിക്ക വീറ്റോ പ്രയോഗം നടത്തിയത്!
യാദൃശ്ചികമായാണ് ആ പഴയ ഭൂമിശാസ്ത്ര പുസ്തകം കൈയ്യില്‍ പെട്ടത്. 91 വര്‍ഷം മുമ്പുള്ള ആ പാഠപുസ്തകം അച്ഛന്‍ പഠിച്ചതാണെന്ന് തോന്നുന്നു. പിന്നീടെപ്പോഴോ കാലിക്കോ ബൈന്റിങ്ങ് നടത്തി സൂക്ഷിച്ചതു കൊണ്ട് എന്റെ പുസ്തക അലമാരയുടെ പിന്നില്‍ സുരക്ഷിതമായങ്ങനെ കഴിയുകയായിരുന്നു അത്. അതോടൊപ്പം അച്ഛന്‍ അവസാന കാലത്ത് വാങ്ങിയ ഒരു പുസ്തകവും കണ്ടെത്താനായി.
ഫലസ്തീന്‍ ഭൂപടമുള്ള 1932ലെ ബ്രിട്ടീഷ് ഇന്ത്യന്‍ പാഠപുസ്തകം
അതിന്റെ പേര് ജെനോസൈഡ് (Genocide ). വംശഹത്യ തന്നെ. 1985 ല്‍ ഇറങ്ങിയതാണ് ആ പുസ്തകം.
ഏറെ ജിജ്ഞാസയോടെയാണ് രണ്ടും തുറന്നു നോക്കിയത്. അവ തമ്മിലുള്ള ആശയപ്പൊരുത്തം ആരെയും അത്ഭുതപ്പെടുത്തും. അച്ഛന്‍ പഠിച്ചതും ഞാന്‍ വായിച്ചതും എന്റെ മക്കള്‍ കാണുന്നതും പേരക്കുട്ടികള്‍ അറിയാനിരിക്കുന്നതുമായ കാര്യങ്ങളാണ് അവയുടെ പൊതുസ്വഭാവം എന്നു തോന്നുന്നു.
ഭൂമിശാസ്ത്ര പുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലെ എട്ടാം അധ്യായമായ South Western lands of Asia യിലെ ഒരു ഭൂപടമാണ് എന്നെ ആകര്‍ഷിച്ചത്. (പേജ് 247) എല്‍.ഡഡ്ലി സ്റ്റാമ്പ് ബി.എ, ഡി.എസ്.സി (ലണ്ടന്‍), എഫ്.ആര്‍.ജി.എസ് എന്ന, യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ എക്കണോമിക് ജ്യോഗ്രഫി റീഡറാണ് ഗ്രന്ഥകര്‍ത്താവ്.
ഭൂപടത്തിന്റെ ഭംഗിയാണ് ആ പുസ്തകഭാഗം വായിക്കാനിടയാക്കിയത്. കണ്ടവരാരും രണ്ടാമതൊന്ന് നോക്കാതിരിക്കില്ല. ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റിലാണെങ്കിലും തുടര്‍ന്നുള്ള വാചകങ്ങള്‍ മരുഭൂമിയിലെ പച്ചപ്പ് അനുഭവിപ്പിക്കുന്നതു തന്നെ. മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ കരകളിലെ ഫലഭൂയിഷ്ീമായ ആ ഭൂപ്രദേശത്തിന്റെ
വിവരണവും ഹൃദ്യമായി തോന്നി. കുട്ടിയായിരിക്കെ വായിച്ചു പഠിച്ച ഇമ്മാതിരിക്കാര്യങ്ങള്‍ തന്നെയായിരിക്കാം അച്ഛനെ ഒരു നല്ല അദ്ധ്യാപകനാക്കി മാറ്റിയത്. മരുഭൂമിയില്‍ ചന്ദ്രക്കല പോലെ ഫലസമ്പുഷ്ടമായ ഒരു ഭൂപ്രദേശം:
‘ Only on the borders of the Mediterranean Sea, in Palestine and Syria do we find again broad stretches of fertile land . Pass your pencil through the names Palestine Syria and Iraq on figure 176 and you will see that the most fertile lands of South Western Asia are arranged as a crescent and so this is often called the ‘fertile Crescent’
ഭൂപടത്തില്‍ എവിടെയാണ് വാഗ്ദത്ത ഭൂമി ?
അടുത്ത പേജിലെ ഉപതലക്കെട്ട് Syria and Palestine F¶mWv. Syria is governed by France and Palestine by Great Britain എന്ന് കണ്ടപ്പോള്‍ ഞാനാ പാഠ ഭാഗം മുഴുവന്‍ വായിച്ചു നോക്കി. ഒരു കൗതുകത്തിന് ഇസ്രായേല്‍ എന്ന ഒരു കുഞ്ഞിപ്പേര് അതിനിടയില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് വെറുതെ അരിച്ചു പെറുക്കി നോക്കി; ഉണ്ടാവില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെ. ഇസ്രായേല്‍ ഇല്ലാത്ത പാലസ്തീന്റെ 1947 ലെ ഒരു മേപ്പ് കാട്ടിക്കൊടുത്തപ്പോള്‍ അത് വ്യാജരചനയാണ് എന്നു പറഞ്ഞ് തര്‍ക്കിച്ച സുഹൃത്തിന്റെ വാദം ഒരു പക്ഷേ മനസ്സിന്റെ പിന്നാമ്പുറത്ത് കിടന്നതു കൊണ്ടാവാം, ഉണ്ടാവില്ലെന്ന് ഉറപ്പുള്ള ഒരു കാര്യത്തിനായി വെറുതെ പരതിയത്. പക്ഷേ ആ പരതല്‍ കൊണ്ടുചെന്നെത്തിച്ചത് വളരെ പ്രസക്തമായ ഒരു കാര്യത്തിലേക്കാണ്.
‘ Damascus, a very old and famous city is the capital of Syria, and Beirut the chief port, Jerusalem, the holy city alike of Jews and christians, is the capital of Palestine എന്ന ഒരു വാചകം അതില്‍ കിടന്നങ്ങനെ തിളയ്ക്കുന്നുണ്ട്.
ജൂതന്മാരും കൃസ്ത്യാനികളും ഒരേ പോലെ പുണ്യ നഗരമായി കണക്കാക്കുന്ന ജെറൂസലേം പട്ടണം ഫലസ്തീനിന്റെ തലസ്ഥാനമാണ് എന്ന്!
ഇസ്രഈല്‍ എന്ന ഒരു രാജ്യത്തിനെ ഈ ഫലസ്തീന്‍ എന്ന രാജ്യത്തിനകത്ത് കുടിയിരുത്തിയതാണ് എന്ന കാര്യം അംഗീകരിക്കാന്‍ മടിക്കുന്നവര്‍, മ്യാന്‍മറും ബംഗ്ലാദേശും അടങ്ങുന്ന അഖണ്ഡഭാരതത്തില്‍ അഭിരമിക്കുന്നവരുടെ കൂട്ടത്തില്‍ ഏറെയാണല്ലോ. അവര്‍ക്ക് ഇസ്രഈല്‍ ജൂതന്മാരുടെ വാഗ്ദത്ത ഭൂമിയാണ്!
ആ ഇസ്രഈല്‍ നടത്തിയ വംശഹത്യയുടെ കഥകളടക്കം , അവരെ തീറ്റിപ്പോറ്റിയ അമേരിക്കയും ഹിറ്റ്‌ലറും മറ്റ് സാമ്രാജ്യത്വവാദികളും നടത്തിയ കൂട്ടക്കശാപ്പുകളെ പറ്റിയുള്ള വിവരങ്ങളാണ് മോസ്‌കോവിലെ പ്രോഗ്രസ് പബ്ലിഷേഴ്‌സ് 1985 ല്‍ പ്രസിദ്ധപ്പെടുത്തിയ ജെനോസൈഡ് .
നമ്മുടെ നാട്ടിലെ വംശീയതാവാദികള്‍ക്ക് ചരിത്രം 2023 ഒക്ടോബര്‍ 7 നാണ് ആരംഭിക്കുന്നത്. ഹമാസിന്റെ ആക്രമണമാണ് എല്ലാത്തിനും കാരണം എന്ന് ശാഖയില്‍ പോവുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേര്‍ ഉറച്ച് വിശ്വസിക്കുന്നുമുണ്ട്. അവരുടെ കണ്ണ് തുറപ്പിക്കാന്‍ പോന്ന ഒരു പാട് ചരിത്ര സത്യങ്ങളാണ്, 38 വര്‍ഷം മുമ്പിറങ്ങിയ ഈ പുസ്തകം വെളിപ്പെടുത്തുന്നത്.
ലോകത്താകെ അമേരിക്ക നടത്തിയ നിഷ്ഠുരങ്ങളായ ജനാധിപത്യ വിരുദ്ധ അട്ടിമറികളുടെയും കുത്തിത്തിരുപ്പു കളുടെയും കഥകളാണ് ‘ ജെനോസൈഡ് ‘ അനാവരണം ചെയ്യുന്നത്.
മോഷെ ഡയാന്‍ സത്യം പറഞ്ഞപ്പോള്‍
1956 ല്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രി മോഷെ ഡയാന്റെ ഒരു ചോദ്യം ഉദ്ധരിക്കുന്നുണ്ട്, ഈ പുസ്തകം. അതു മതി, ആ രണ്ട് വാചകങ്ങള്‍ മതി, ഫലസ്തീനില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍!
‘Who are we that we should argue against their hatred? For eight years now they sit in their refugee camps in Gaza, and before their very eyes, we turn into our homestead the land and the villages in which they and their forefathers have lived we are a generation of settlers, and without the steel helmet and the cannon we cannot plant a tree and build a home ‘ ( Judaism or Zionism എന്ന പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ചത് )
‘ 8 വര്‍ഷമായി അവര്‍ ഗാസയിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ കഴിയുകയാണ്, അവരുടെ കണ്‍മുന്നില്‍, അവരും അവരുടെ മുത്തച്ചന്മാരും ജീവിച്ച മണ്ണിനെയും ഗ്രാമങ്ങളെയും നാം നമ്മുടെ പുരയിടങ്ങളായി മാറ്റിക്കൊണ്ടിരി ക്കുകയാണ്. നാം കുടിയേറ്റക്കാരുടെ ഒരു തലമുറയാണ്. അതുകൊണ്ടു തന്നെ ഉരുക്ക് പടത്തൊപ്പിയും പീരങ്കിയുമില്ലാതെ നമുക്ക് ഒരു ചെടി നടാനോ കെട്ടിടം വെക്കാനോ പറ്റില്ല.’
ഫലസ്തീനികള്‍ തങ്ങളെ എന്തുകൊണ്ടാണ് വെറുക്കുന്നതെന്ന് മോഷെ ഡയാന് നന്നായറിയാം എന്നര്‍ത്ഥം. ഇപ്പറയുന്ന കാര്യങ്ങള്‍ മാത്രമല്ല ആ വെറുപ്പിന് പിന്നില്‍. 1982 സെപ്റ്റംബര്‍ 16ന് ലെബനണിലെ അഭയാര്‍ത്ഥി ക്യാമ്പുകളായ സാബ്രയിലും ഷാറ്റിലയിലും നടത്തിയ നരമേധത്തിന്റെ പാപക്കറകള്‍ ഇസ്രഈല്‍ എത്രതന്നെ മറച്ചുവെക്കാന്‍ ശ്രമിച്ചാലും, ഫലസ്തീനികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും തലമുറകള്‍ എത്ര കഴിഞ്ഞാലും മറക്കാനാവില്ല ആ മനുഷ്യത്വ വിരുദ്ധ നടപടി.
സാബ്ര-ഷാറ്റില : ഗുജറാത്ത് മണക്കുന്നു
സ്വന്തം മണ്ണില്‍ നിന്ന് കത്തിയും തോക്കും കാട്ടി അയല്‍ രാജ്യത്തേക്ക് തുരത്തിയോടിക്കപ്പെട്ട പാലസ്തീനികളാണ് സാബ്രയിലും ഷാറ്റിലയിലുമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായത്. അവിടേക്ക് ഇസ്രഈലി പട്ടാളവും അവരുടെ വിശ്വസ്തരും കടന്നു കയറിയത് പുറത്തേക്കുള്ള വഴികള്‍ എല്ലാം അടച്ചിട്ടു കൊണ്ടാണ്.
അതും പുലര്‍ച്ച 4 മണിക്ക്. തുരുതുരാ വെടി വെച്ചും ക്യാമ്പുകള്‍ക്ക് തീയിട്ടും ചുട്ടു കൊന്നത് നൂറുകണക്കിന് ഉറങ്ങിക്കിടന്ന മനുഷ്യരെയാണ്. ‘Hundreds of Israeli soldiers stood and watched at the outskirts of Shatilla camp എന്ന് തൊട്ടടുത്ത ദിവസം റിപ്പോര്‍ട്ട് ചെയ്ത വാഷിങ്ങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ലോറെന്‍ ജെങ്കെന്‍സിനെ നാട്ടില്‍ നിന്ന് തന്നെ പുറത്താക്കിക്കൊണ്ട് പക വീട്ടുകയായിരുന്നു ഇസ്രഈല്‍.
loren jenkins
ഷാനെ ലീ സ്റ്റീവന്‍സ് എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തക, തന്റെ ഭര്‍ത്താവ് ഡോ. ഫ്രാങ്ക്ലിന്‍ ലാമ്പിന് (Israel’s war in Lebanon എഴുതിയ അതേ ലാമ്പ് ) അയച്ച കത്തില്‍ പറഞ്ഞത് ‘ തങ്ങളുടെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീകളുടെ കാലുകള്‍ അകറ്റിയ നിലയിലായിരുന്നു. പാവാടകള്‍ അരക്കെട്ട് വരെ ഉയര്‍ന്ന് കിടന്നു. ഡസന്‍ കണക്കിന് യുവാക്കളെ വെടിവെച്ച് കൊന്ന് തള്ളിയ നിലയില്‍ ഒറ്റയടിപ്പാതയോരത്ത് കൂട്ടം കൂട്ടിയിട്ടിരുന്നു. കഴുത്ത് വെട്ടിക്കീറിയ നിലയിലായിരുന്നു കുഞ്ഞുങ്ങള്‍. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വയറ് കുത്തിക്കീറിത്തുറന്നിരുന്നു. അപ്പോഴും അവരുടെ കണ്ണ് തുറന്നുതന്നെ കിടന്നു. കരിഞ്ഞു പോയ അവരുടെ മുഖത്ത് നിന്ന് നിശ്ശബ്ദമായ പേടിച്ചരണ്ട നിലവിളി ഉയരുന്നതു പോലെ. ‘ (ഏതോ ഇന്ത്യന്‍ സന്ദര്‍ഭം ഓര്‍മ്മ വന്നുവോ ? വംശീയതാ വാദികള്‍ ലോകത്തെങ്ങും ഒരു പോലെയാണ് എന്ന് മനസ്സിലാക്കാന്‍ ഇതു പോരേ?)
ആരാന്റെ തലയില്‍ കെട്ടിവെക്കാന്‍?
സാബ്ര-ഷാറ്റില കൂട്ടക്കൊലക്കെതിരെ സ്വാഭാവികമായും ഇസ്രഈലില്‍ നിന്നുതന്നെ വലിയ പ്രതിഷേധങ്ങളുയര്‍ന്നു.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നൂറുകണക്കിന് മനുഷ്യ ജീവികളെ ചുട്ടുകൊന്നു കളഞ്ഞതിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ന്നു വന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഫലാഞ്ചിസ്റ്റുകളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ഇസ്രഈല്‍ ഭരണനേതൃത്വം പരിശ്രമിച്ചത്.
(സ്പാനിഷ് ഫലാഞ്ച് പാര്‍ട്ടിയെയും ഇറ്റാലിയന്‍ ഫാസിസ്റ്റ് പാര്‍ട്ടിയെയും മാതൃകയാക്കി ലബനണില്‍ ആരംഭിച്ച സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായ കത്തെയ്ബ് പാര്‍ട്ടിയെ ഫലാഞ്ച് എന്നും വിളിക്കാറുണ്ട്.) അവരാണ് കൂട്ടക്കൊലക്ക് പിന്നില്‍ എന്നാണ് ഇസ്രായേല്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ആ പൈശാചിക കൃത്യത്തിന് ടെല്‍ അവീവിന്റെയും വാഷിങ്ടണിന്റെയും അറിവും സമ്മതവും ഉണ്ടായിരുന്നതായി പിന്നീട് തെളിഞ്ഞു.
1982 സെപ്തംബര്‍ 15 ന് അതിരാവിലെ ഇസ്രഈലി ചീഫ് ഓഫ് സ്റ്റാഫ് റാഫല്‍ ഈറ്റന്‍, ഷാറ്റില ക്യാമ്പിന് 200 മീറ്റര്‍ അകലെയുള്ള ഒരു അഞ്ചു നില കെട്ടിടത്തിലെ അഡ്വാന്‍സ് കമാന്റ് പോസ്റ്റില്‍ എത്തിയിരുന്നു. അതേത്തുടര്‍ന്നാണ് ഇസ്രഈലി പട്ടാളം കൂട്ടക്കുരുതി തുടങ്ങിയത്. അന്ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയില്‍ അന്നത്തെ പ്രതിരോധ മന്ത്രി ഷാറോണ്‍ അവിടെയെത്തി പ്രധാനമന്ത്രി മെനാച്ചെംബെഗിനെ ടെലഫോണില്‍ ബന്ധപ്പെട്ട് ഓപറേഷന്‍ തടസ്സ രഹിതമായി മുന്നേറുന്നുണ്ടെന്നും ചെറുത്തു നില്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അറിയിക്കുന്നുണ്ട്.
Menachem Begin
ആ സമയത്ത് കമാന്റ് പോസ്റ്റില്‍ ഉണ്ടായിരുന്നവരില്‍ ഇസ്രഈലി ഉപപ്രതിരോധ മന്ത്രിയും ചീഫ് ഓഫ് ആര്‍മി ഇന്റലിജന്‍സും ഉള്‍പ്പെടും എന്ന് 1983 സെപ്തംബര്‍ 17 ന്റെ പ്രവദ പത്രത്തെ ഉദ്ധരിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട് ‘ജെനോസൈഡ്’. അഭയാര്‍ത്ഥികളുടെ സുരക്ഷക്ക് എന്ന പേരില്‍ നിയോഗിക്കപ്പെട്ടിരുന്ന യുഎസ് മറൈന്‍സ് പെട്ടെന്ന് പിന്‍വലിക്കപ്പെട്ടതും അവിടെ ഇസ്രായേലി സൈന്യം നിയോഗിക്കപ്പെട്ടതും യാദൃശ്ചികമാണെന്ന് വിശ്വസിക്കാന്‍ ആളെ കിട്ടില്ല.
തങ്ങള്‍ അറിയാതെ ഫലാഞ്ചിസ്റ്റുകള്‍ നടത്തിയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് ഇസ്രഈല്‍ ഭരണനേതൃത്വം തറപ്പിച്ചു പറഞ്ഞു കൊണ്ടിരുന്നു. അതിനിടയിലാണ്, സാബ്ര ഷാറ്റില കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ലെബനീസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
ഫലാഞ്ചിസ്റ്റ് ഇന്റലിജന്‍സ് സര്‍വീസസിന്റെ തലവന്‍ എലീ ഹൊ ബീക്ക കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറഞ്ഞത്, ‘ ജൂലായ് ആദ്യവാരത്തില്‍ ലബനണിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കൂട്ടക്കൊല സംഘടിപ്പിക്കണമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഷാറോണ്‍ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു ‘ എന്നാണ്.
ഇസ്രഈല്‍ പാര്‍ലമെന്റില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ , ജനറല്‍ ഷാറോണ്‍ പറഞ്ഞത് , സിവിലിയന്മാരെ , പ്രത്യേകിച്ചും
സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും തൊടരുത് എന്ന നിര്‍ദേശത്തോടെയാണ് ഫലാഞ്ചിസ്റ്റുകള്‍ക്ക് ക്യാമ്പിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കിയത് എന്നാണ്.
മന്ത്രിമാര്‍ തന്നെ ഈ നീക്കം തങ്ങള്‍ അറിഞ്ഞില്ല എന്നു പറഞ്ഞ് പ്രതിഷേധിച്ചപ്പോള്‍, പ്രധാനമന്ത്രി നല്‍കിയ മറുപടി താന്‍ പോലും കാര്യമറിഞ്ഞിരുന്നില്ല എന്നാണ്. എന്നാല്‍ വാര്‍ത്താ വിനിമയ മന്ത്രി മൊര്‍ ദെച്ചായ് സിപ്പോറി പ്രധാനമന്ത്രിയെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞത് , തലേന്ന് രാത്രി അങ്ങനെയൊരു സംഭവം നടന്ന കാര്യം താന്‍ നേരിട്ട് വിദേശകാര്യ മന്ത്രി ഷമീറിനെ അറിയിച്ചിട്ടുണ്ട് എന്നാണ് ! (Sabra and Shatila : The Massacre , പേജ് 37 )
1982 സെപ്തംബര്‍ 28 ന്റെ ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്, ഇസ്രഈല്‍ പട്ടാളത്തലവന്‍ ജനറല്‍ അമീര്‍ ദ്രോറി പ്രതിരോധ മന്ത്രിയെ ബന്ധപ്പെട്ട് നമ്മുടെ സുഹൃത്തുക്കള്‍, ഫലാഞ്ചിസ്റ്റുകള്‍ ക്യാമ്പിലേക്ക് നീങ്ങുകയാണ് , ഞങ്ങള്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട് എന്നറിയിച്ചു എന്നാണ്.
അതിന് ഷാറോണ്‍ നല്‍കിയ മറുപടി ‘അഭിവാദനങ്ങള്‍, സന്തോഷകരമായ ഒരു ഓപറേഷനാവട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നുവത്രെ.
കൈയൊഴിയുന്ന വൈറ്റ് ഹൗസ്
ഈ കൂട്ടക്കൊലയില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കെയാണ് ഇസ്രഈലി ക്യാബിനറ്റ് അതിനെ ഖണ്ഡിക്കുന്നത്. വാര്‍ത്താ വിനിമയ മന്ത്രി മോര്‍ ദെച്ചായ്‌സിപ്പോറി പരസ്യമായി പറഞ്ഞത്, ‘ഇതിന് മുമ്പ് ഒരിക്കലും ഇമ്മാതിരി ഒരു പിന്തുണ അമേരിക്കയില്‍ നിന്ന് ഉണ്ടായിട്ടില്ല’ എന്നാണ്. അല്‍ ഹമിഷ് മാര്‍ പത്രത്തെ ഉദ്ധരിച്ചു കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ജര്‍മ്മന്‍ മാസികയായ സ്റ്റേണിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായേലി പ്രതിരോധ മന്ത്രിയായിരുന്ന ഷാറോണ്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നുണ്ട്. ‘ഏതാണ്ട് ഒരു വര്‍ഷക്കാലമായി, 1981 സെപ്തംബര്‍ മുതല്‍ ഇത്തരമൊരു ഓപറേഷന്റെ സാധ്യതയെക്കുറിച്ച് ഞാന്‍ അമേരിക്കന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായ അലക്‌സാണ്ടര്‍ ഹെയ്ഗുമായി പല തവണ സംസാരിച്ചിട്ടുണ്ട്.
Alexander Haig
പ്രതിരോധ സെക്രട്ടറി കാസ്പര്‍ വീന്‍ബെര്‍ഗറുമായി എന്റെ വാഷിങ്ടണ്‍ വാസത്തിനിടെ ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാനിക്കാര്യം അമേരിക്കന്‍ സ്ഥാനപതി ഫിലിപ് ഹബീബിനോട് പലവുരു സംസാരിച്ചതാണ്. ഞാനവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതുമാണ്. ‘ഞങ്ങളത് ചെയ്യുമ്പോള്‍ നിങ്ങള്‍ അതറിഞ്ഞില്ല എന്ന് നടിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. ‘എന്ന ആ പ്രസ്താവന കാര്യങ്ങളുടെ ഉള്ള് പൊളിച്ചു കാട്ടുന്നുണ്ട്. അന്നത്തെ വിദേശകാര്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ ഷമീര്‍ അമേരിക്കന്‍ റേഡിയോ അഭിമുഖത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാക്കുന്ന കാര്യം സയണിസം: വസ്തുതകളും കെട്ടുകഥകളും (Zionism :Truth and fabrications Pg183) എന്ന പുസ്തകം എടുത്തു പറയുന്നുണ്ട്.
ലബനന് നേരെയുണ്ടായ ആക്രമണം അമേരിക്കയുമായി പൂര്‍ണ ധാരണയില്‍ എത്തിയ ശേഷമാണ് നടന്നത് എന്നാണ് ഷമീര്‍ ആ അഭിമുഖത്തില്‍ വ്യക്തമാക്കിയതത്രെ.
ഭീകരാക്രമണത്തിന് നൂറ്റാണ്ട് പഴക്കം
സാബ്ര-ഷാറ്റില ആക്രമണത്തില്‍ തുടങ്ങുന്നതല്ല ഇസ്രായേലി കടന്നാക്രമണത്തിന്റെ കഥ. ചോരയില്‍ കുതിര്‍ന്ന ഭീകരാക്രമണത്തിന്റെ തേരോട്ടത്തിന് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പഴക്കമുണ്ട്.
ഒരു ജനതയെ സ്വന്തം നാട്ടിലെ അഭയാര്‍ത്ഥികളാക്കി മാറ്റിക്കൊണ്ട് അമേരിക്കന്‍ സഹായത്തോടെ അധിനിവേശം നടത്തിയ ഇസ്രഈലിന്റെ കിരാതത്വമാണ് 38 വര്‍ഷം മുമ്പിറങ്ങിയ ആ പുസ്തകം അനാവരണം ചെയ്യുന്നത്. അറബ് നാടുകളില്‍ നിന്ന് പര്യവേഷണം നടത്തി കണ്ടെത്തിയ എണ്ണപ്പാടങ്ങളില്‍ കണ്ണ് നട്ട് അവര്‍ക്ക് നടുക്ക് ഒരു കുട്ടിക്കുരങ്ങനെ പാലൂട്ടി വളര്‍ത്തുകയായിരുന്നു അമേരിക്ക. എന്നും അമേരിക്ക പറയുന്ന ചുടു ചോറ് മാന്തിപ്പോരുകയായിരുന്നു ഇസ്രഈല്‍. ആ ഇസ്രഈലിന് വേണ്ടി എത്രയെത്ര തവണയാണ് അമേരിക്ക വീറ്റോ പ്രയോഗം നടത്തിയത്!
അച്ഛന്‍ പഠിച്ചതും ഞാനറിഞ്ഞതും മക്കള്‍ അറിയേണ്ടതും
അച്ഛന്‍ പഠിച്ചതും വായിച്ചതുമായ ആ രണ്ടു പുസ്തകങ്ങള്‍ ഒന്നിച്ച് കൈ വന്നപ്പോള്‍ ഞാനോര്‍ത്തത് , വേറൊരു കാര്യമാണ്. 1932 ല്‍ ഇറങ്ങിയ ആ പുസ്തകത്തില്‍ ഉണ്ടായിരുന്ന ഫലസ്തീന് അച്ഛന്റെ ജീവിത കാലത്ത് ഒരു സ്വതന്ത്ര രാജ്യമാവാന്‍ കഴിഞ്ഞില്ല. എന്റെ കാലത്ത് അതിനുവേണ്ടിയുള്ള ശ്രമങ്ങളെ തകര്‍ത്തെറിയുകയാണ് സാമ്രാജ്യത്വം.
അവര്‍ ഒരുക്കിക്കൊടുത്ത ആയുധങ്ങള്‍ ഫലസ്തീനെയാകെ കിളച്ചുമറിച്ചിരിക്കുന്നു. മുറിവേറ്റ ഒരു സിവിലിയന് ഓപറേഷന്‍ നടത്തിക്കൊണ്ടിരിക്കെ, അയാളുടെ ശ്വാസകോശത്തിന് തീ പിടിച്ച മട്ടില്‍ പുകച്ചുരുളുകള്‍ ഉയരുകയായിരുന്നു.
ഫോസ്ഫറസ് ബോംബുകളുടെ പ്രത്യേകത അതാണത്രെ. ഉള്ളില്‍ ചെന്ന് പുകഞ്ഞ് പുകഞ്ഞ് കത്തിക്കൊണ്ടിരിക്കും. നിഷ്ഠുരമായ ഇമ്മാതിരി ബോംബുകള്‍ ഉതിര്‍ത്തും മിസൈലുകള്‍ വര്‍ഷിച്ചും അച്ഛന്റെ ഭൂമിശാസ്ത്ര പാഠപുസ്തകം പറഞ്ഞ പച്ചപ്പാകെ കരിയിച്ചു കളഞ്ഞിരിക്കുന്നു.
അച്ഛന്റെ കാലത്ത് നടക്കാത്ത സ്വതന്ത്ര ഫലസ്തീന്‍ എന്ന സങ്കല്‍പ്പം എന്റെ കാലത്തെന്നത് പോകട്ടെ, മകന്റെ കാലത്തെന്നതും പോകട്ടെ, പേരക്കുട്ടികളുടെ കാലത്തെങ്കിലും നടക്കുമോ? പിറക്കുമോ ഒരു സ്വതന്ത്ര ഫലസ്തീന്‍ ?
content highlights: Textbook Palestine and off-map Israel in British India