ആരാധനാലയങ്ങള്‍ തുറക്കണം; വാരാന്ത്യ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് കെ. സുധാകരന്‍
Kerala News
ആരാധനാലയങ്ങള്‍ തുറക്കണം; വാരാന്ത്യ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th June 2021, 5:31 pm

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക്ഡൗണ്‍ അപ്രായോഗികമാണെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ലൈബ്രറികളും തിയേറ്ററുകളും ടി.പി.ആര്‍. നിരക്കിന്റെ അടിസ്ഥാനത്തില്‍ തുറക്കണമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ആളുകളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. രോഗവ്യാപനം കുറയുന്നത് പരിഗണിച്ച് വേഗത്തില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും സി.പി.ഐ.എം. സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ ഇളവുവരുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മത സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാത്തത് രോഗവ്യാപനം മൂലമാണ്. ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. വിശ്വാസികളെ തടയുക സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേത്രങ്ങളും പള്ളികളും എപ്പോള്‍ തുറക്കുമെന്ന് പറയാനാകില്ല. രോഗവ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുമെന്നും കെ. രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസികളുടെ സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ്., മലങ്കര ഓര്‍ത്തഡോക്സ് സഭ, കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ,കെ.എന്‍.എം, ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവര്‍ സംഘടനകള്‍ ആരാധനാലയങ്ങള്‍ തുറക്കണെമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Temples Should Open Says KPCC President K. Sudakaran