മോദി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല; രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ തേജസ്വി യാദവ്
2019 loksabha elections
മോദി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല; രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 2:44 pm

പട്‌ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അത്യന്തം ക്രൂരമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വിയാദവ്.

‘മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശം വളരെ ക്രൂരമായതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്രയും തരംതാഴ്ന്ന് പോകുമെന്ന് കരുതിയിരുന്നില്ല.’തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണു രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

‘താങ്കളുടെ(രാഹുല്‍ ഗാന്ധി) പിതാവ് മിസ്റ്റര്‍ ക്ലീന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകര്‍ വാഴ്ത്തിയത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്’ നരേന്ദ്ര മോദി പറഞ്ഞു. വിവാദമായ ബോഫോഴ്സ് കേസിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ബീഹാറില്‍ എല്ലായിടത്തും മഹാസഖ്യം വിജയിക്കുമെന്നും തേജസ്വിയാദവ് പറഞ്ഞു.

മേയ് 23 ന് ശേഷം ജനദാദള്‍ യു വില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്കുണ്ടാവും. നിതീഷ് കുമാര്‍ രാജി വെക്കേണ്ടി വരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപന തിയ്യതി തീരുമാനിച്ചതു മുതല്‍ ബി.ജെ.പിയും ആര്‍.ജെ.ഡിയും ഭയത്തിലാണ്. തേജസ്വിയാദവ് പറഞ്ഞു.

ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ആര്‍. എല്‍.എസ്.പി, എച്ച.എ.എം, എല്‍.ജെ.ഡി. വി.ഐ.പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടേതാണ് മഹാസഖ്യം.