ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നോബേല്‍ സമ്മാനത്തിന് നിര്‍ദേശം. പാകിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി പ്രവര്‍ത്തിച്ചത്തിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. പാകിസ്ഥാന്‍ വേള്‍ഡ് അലയന്‍സ്(പി.ഡബ്ല്യു.എ), നോര്‍വീജിയന്‍ പാര്‍ട്ടിയായ പാര്‍ട്ടിയറ്റ് സെന്‍ട്രം എന്നിവ ചേര്‍ന്നാണ് ഇമ്രാനെ നാമനിര്‍ദേശം ചെയ്തത്. 2019ലും അദ്ദേഹത്തിനെ നോമിനേറ്റ് ചെയ്തിരുന്നു.
‘പാകിസ്ഥാനിലെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനുമായി നടത്തിയ പ്രവര്‍ത്തനത്തിന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ പാര്‍ട്ടിയറ്റ് സെന്‍ട്രത്തിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു.
നിലവില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീഫ് ഇന്‍സാഫ് നേതാവ് കൂടിയായ ഇമ്രാന്‍.
2023 ആഗസ്റ്റ് മുതല്‍ അദ്ദേഹം തടവിലാണ്. അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിന് 14 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്തിന് ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ വിറ്റതിനും, രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനും, നിയമവിരുദ്ധമായി വിവാഹം കഴിച്ചതിനും ഖാനെതിരെ കേസുണ്ട്. ഖാന്റെ മൂന്ന് മുന്‍ ശിക്ഷകള്‍ കോടതികള്‍ റദ്ദാക്കുകയോ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.
2022 ഏപ്രിലില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. തന്റെ സ്വാധീനം തകര്‍ക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് തനിക്കെതിരായ നിയമ നടപടികള്‍ എന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പില്‍ പാകിസ്ഥാനില്‍ രാജ്യവ്യാപക പ്രതിഷേധം നടന്നിരുന്നു.
നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി വര്‍ഷം തോറും നൂറുകണക്കിന് നാമനിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്താണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. എട്ട് മാസത്തെ സമഗ്രമായ പരിശോധനയ്ക്ക് ശേഷമാണ് അന്തിമ തെരഞ്ഞെടുപ്പ് പ്രക്രിയ.
Content Highlight: Imran Khan nominated for Nobel Peace Prize