ബീഹാറിൽ വീണ്ടും പാലം തകർന്നെന്ന് തേജ്വസി; തകർന്നത് താത്കാലിക പാലമെന്ന് ഉദ്യോഗസ്ഥർ
NATIONALNEWS
ബീഹാറിൽ വീണ്ടും പാലം തകർന്നെന്ന് തേജ്വസി; തകർന്നത് താത്കാലിക പാലമെന്ന് ഉദ്യോഗസ്ഥർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2024, 5:50 pm

പാട്ന: ബീഹാറിലെ ചമ്പാരനിൽ പാലം തകരുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ആർ.ജെ.ഡി നേതാവ് തേജ്വസി യാദവ്. എന്നാൽ തകർന്നത് പാലമല്ലെന്നും താത്കാലികമായി നിർമിച്ച പാലമാണെന്ന വാദവുമായി ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി.

കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.

പാലം നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആളുകൾ പറയുന്നതായി വിഡിയോയിൽ കാണാം. സംഭവത്തെക്കുറിച്ച് തനിക്കറിയാമായിരുന്നെന്നും എന്നാൽ തകർന്നത് യഥാർത്ഥ പാലമല്ലെന്നും താത്കാലികമായി നിർമിച്ച പാലമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോർവാൾ പറഞ്ഞു.

‘ലോഹർഗവാൻ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഓടക്ക് കുറുകെ താത്കാലികമായി നിർമിച്ച പാലമാണ് അത്. ജനങ്ങൾക്ക് ഈ ഓവുചാൽ മുറിച്ച് കടക്കാൻ എളുപ്പത്തിനായി കുറച്ച് വർഷങ്ങൾക്ക് മുൻപ് നിർമിച്ചതാണിത്. നീളം കുറഞ്ഞ താത്കാലിക പാലമാണിത്. താത്കാലിക പാലമായതിനാൽ തന്നെ അതിന് അത്ര ഉറപ്പ് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കനത്തമഴയിൽ മണ്ണൊലിപ്പ് ഉണ്ടായപ്പോൾ അതിന്റെ പല ഭാഗങ്ങളും ഒലിച്ച് പോയി. എന്നിരുന്നാലും വിഷയം പരിശോധിച്ച് വരികയാണ്. വിഷയം പരിശോധിച്ച് വേണ്ട നടപടികൾ എടുക്കുകയും ചെയ്യും,’ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബീഹാറിൽ വിവിധ ജില്ലകളിലായി പന്ത്രണ്ടിലധികം പാലങ്ങളും കോസ്‌വേകളും തകർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അപകടം നടക്കുന്നത്. അപകടങ്ങളിൽ ആളപായങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും 15ഓളം എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടായിരുന്നു.

മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് സർക്കാർ അന്വേഷണം നടത്തുകയും എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

 

Content Highlight: Tejashwi claims another bridge has collapsed in Bihar; official says was ‘makeshift structure’