Advertisement
national news
തേജ് പ്രതാപ് യാദവിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 06, 06:10 pm
Tuesday, 6th November 2018, 11:40 pm

പാറ്റ്‌ന: ആര്‍.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെ കാണാനില്ലെന്ന് കുടുംബ വൃത്തങ്ങള്‍. ഭാര്യയുമായുള്ള വിവാഹമോചനം സംസാരിക്കാന്‍ ശനിയാഴ്ച റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ലാലുവിനെ കാണാന്‍ പോയ തേജ്പ്രതാപ് മടക്ക യാത്രയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാലുവുമായി സംസാരിച്ച ശേഷം ഞായറാഴ്ച ബോധ്ഗയയിലെ ഹോട്ടലില്‍ തേജ്പ്രതാപ് എത്തിയിരുന്നതായി പ്രാദേശിക എം.എല്‍.എയായ കുമാര്‍ സര്‍വ്ജീത് പറഞ്ഞു. തിങ്കളാഴ്ച ഹോട്ടല്‍വിട്ട് പാറ്റ്‌നയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.

മന്ത്രി ചന്ദ്രിക റായിയുടെ മകളും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗാ റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയുള്ള വിവാഹമാണ് തേജ്പ്രതാപ് അവസാനിപ്പിക്കുന്നതായി പറഞ്ഞിരുന്നത്.

ഐശ്വര്യയുമായി ഒന്നിച്ചു ജീവിക്കാന്‍ സാധ്യമല്ലെന്നും വേര്‍പിരിയുകയാണെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു. “ഐശ്വര്യയും താനും തമ്മില്‍ യാതൊരു രീതിയിലുള്ള ചേര്‍ച്ചയുമില്ല. തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നു വന്നവരാണ്. വിവാഹത്തിനു താന്‍ ഒരുക്കമായിരുന്നില്ല. മാതാപിതാക്കളെയും സഹോദരനെയുമെല്ലാം ഇതുബോധിപ്പിച്ചതാണ്. പക്ഷേ, അവരത് കാര്യമായി എടുത്തില്ല” തേജ്പ്രതാപ് പറഞ്ഞിരുന്നു.