പാറ്റ്‌ന: വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്ത് ലാലു പ്രസാദ് യാദവിന്റെ മകനും എം.എല്‍.എയുമായ തേജ് പ്രതാപ് യാദവ്. പാറ്റ്‌ന കോടതിയില്‍ ഇന്നലെയാണ് തേജ് പ്രതാപ് യാദവ് കേസ് ഫയല്‍ ചെയ്തത്.
ക്രൂരത മുന്‍നിര്‍ത്തിയാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം മെയ് 12നായിരുന്നു തേജ് പ്രതാപ് യാദവ് ഐശ്വര്യ റായിയെ വിവാഹം ചെയ്തത്.
രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ഐശ്വര്യ. ബീഹാറിലെ മുന്‍മുഖ്യമന്ത്രിയായിരുന്നു ഐശ്വര്യയുടെ മുത്തച്ഛന്‍ ദരോഗ റായ്. പിതാവ് ചന്ദ്രികറായ് ബീഹാര്‍ മുന്‍മന്ത്രിയും രാഷ്ട്രീയ ജനതാ ദള്‍ നേതാവുമായിരുന്നു.
ഐശ്വര്യയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് കുടുംബത്തെ ഉദ്ധരിച്ച് ചില വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കുടുംബകോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തതിന് പിന്നാലെ തേജ്പ്രതാപ് യാദവ് ലാലു പ്രസാദ് യാദവിനെ ഇന്ന് ആശുപത്രിയില്‍ ചെന്ന് കാണുമെന്നാണ് അറിയുന്നത്. അതേസമയം വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല. ഐശ്വര്യയും കുടുംബവും വിഷയത്തില്‍ പ്രതികരണമൊന്നും നല്‍കിയിട്ടില്ല.
ആര്‍.ജെ.ഡിയുടെ സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററില്‍ തേജ് പ്രതാപ് യാദവും ഐശ്വര്യയും ശിവന്റേയും പാര്‍വതിയുടേയും വേഷത്തില്‍ നില്‍ക്കുന്ന ചിത്രമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യ ചപ്ര മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
പ്രമുഖ രാഷ്ട്രീയനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഐശ്വര്യ തേജ് പ്രതാപ് വിവാഹം നടന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതേസമയം ലാലുപ്രസാദിന്റെ കുടുംബത്തില്‍ അധികാരത്തര്‍ക്കങ്ങള്‍ രൂക്ഷമാണെന്ന രീതിയിലുള്ള ചില റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ലാലുവിന്റെ പിന്‍മുറക്കാരനായി തേജസ്വി യാദവിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. സഹോദരന്‍മാര്‍ക്കിടയില്‍ ഇതില്‍ ഭിന്നതയുണ്ടെന്നാണ് അറിയുന്നത്.