ബാഴ്‌സിലോണയില്‍ നിന്ന് പടിയിറങ്ങി ആബിദല്‍
DSport
ബാഴ്‌സിലോണയില്‍ നിന്ന് പടിയിറങ്ങി ആബിദല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st May 2013, 10:56 am

[]ബാഴ്‌സിലോണ:  ആറു വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് കൊണ്ട്  സൂപ്പര്‍ ഡിഫന്‍ഡര്‍ എറിക് ആബിദല്‍ ബാഴ്‌സിലോണാ ക്ലബ്ബില്‍ നിന്നുള്ള തന്റെ കരിയര്‍ അവസാനിപ്പിക്കുന്നു.[]

ഇതെന്റെ താല്‍കാലിക വിടവാങ്ങലാണ് തീര്‍ച്ചായായും ഞാന്‍ തിരിച്ച് വരും. യാത്രയയപ്പ് വേളയില്‍ വികാരഭരിതനായി ആബിദല്‍ പറഞ്ഞു.

ബാഴ്‌സിലോണയില്‍ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ കരാര്‍ അവസാനിപ്പിച്ച ക്ലബ്ബിന്റെ തീരുമാനം അങ്ങേയറ്റം ദുഃഖകരമാണെന്നും, എങ്കിലും തീരുമാനത്തെ അംഗീകരിക്കുകയാണെന്നും ആബിദല്‍ പറഞ്ഞു.

തന്റെ മുന്നില്‍ ഇപ്പോള്‍ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് കുടുംബ കാര്യങ്ങളിലും, മകളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുക, രണ്ടാമത്തേത്  കളിയിലേക്ക്  തിരിച്ച് വന്ന് സജീവമാകുക. ആബിദല്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് ടീമിന്റെ ഡിഫന്ററായ ആബിദല്‍ ദേശീയ ടീമിന് വേണ്ടി നിരവധി കളികളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഫുട്ബാള്‍ ഇതിഹാസം സിനദിന്‍ സിദാനോടൊപ്പം കളിക്കാന്‍ അവസരം ലഭിച്ച ആബിദല്‍ പല കളികളിലും ടീമിനെ വിജയിപ്പിക്കാനുള്ള നിര്‍ണ്ണായക അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പലപ്പോഴും സിദാന്റേയും,ആബിദലിന്റെയും ഒരുമിച്ചുള്ള നീക്കങ്ങളിലൂടെയാണ് ഫ്രാന്‍സിന്‌  ഗോളവസരങ്ങള്‍ ഉണ്ടായിട്ടുള്ളത്.

മറ്റുള്ള കളിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ആബിദല്‍ എന്നും, സ്വന്തമായൊരു ശൈലി കളിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിജയിച്ച കളിക്കാരനായിരുന്നും ആബിദലെന്നും യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചു കൊണ്ട് ബാര്‍സിലോണാ ക്ലബ്ബ് പ്രസിഡന്റ് സാന്റോ റൊസ്സല്‍ പറഞ്ഞു.

ആബിദലിന്റെ തിരിച്ച് പോക്ക് ബാഴ്‌സിലോണയുടെ ഡിഫന്റര്‍ സ്ഥാനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.