അലര്‍ജി ടെസ്റ്റ് നടത്താനായി പ്രമുഖ മാധ്യമങ്ങളില്‍ വന്ന പരസ്യം വ്യാജം; പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് ടി.സി.എം.സി
Details Story
അലര്‍ജി ടെസ്റ്റ് നടത്താനായി പ്രമുഖ മാധ്യമങ്ങളില്‍ വന്ന പരസ്യം വ്യാജം; പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് ടി.സി.എം.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2019, 12:16 pm

കൊച്ചി: കുറഞ്ഞ ചെലവില്‍ രക്തപരിശോധനയിലൂടെ എല്ലാ അലര്‍ജി ടെസ്‌റുകളും ചെയ്യാമെന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ വന്ന ലബോറട്ടിയുടെ പരസ്യം വ്യാജം.

യാതൊരു മെഡിക്കല്‍ അംഗീകാരവുമില്ലാത്ത അലര്‍ജി ടെസ്റ്റിന്റെ പരസ്യം വലിയ തോതില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തില്‍ ട്രാവന്‍കൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ [ടി.സി.എം.സി] ഇക്കാര്യം ചര്‍ച്ചചെയ്യും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതോടൊപ്പം തന്നെ വിഷയത്തില്‍ മാധ്യമങ്ങളുടെ ഭാഗത്തു നിന്ന വീഴ്ച പറ്റിയതിനാല്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതിന് മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം വെക്കുന്നതിനായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് ടി.സി.എം.സി അച്ചടക്ക സമിതി അംഗവും കേരള ആരോഗ്യ സര്‍വകലാശാല ഹെഡുമായ കെ. മോഹനന്‍  ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയാണ് അലര്‍ജി ടെസ്റ്റുകള്‍ നടത്തുന്നു എന്ന പേരില്‍ പരസ്യം നല്‍കിയത്.

യാതൊരു ശാസ്ത്രീയതയുമില്ലാത്തതാണ് പരസ്യത്തില്‍ പറയുന്ന അലര്‍ജി ടെസ്റ്റുകളെന്നുംഅലര്‍ജി ബാധിക്കുമ്പോള്‍ ആദ്യം ഡോക്ടര്‍മാരെ കാണിച്ച് ഇവരുടെ നിര്‍ദേശ പ്രകാരം പിന്നീടിത് ടെസ്റ്റുകള്‍ക്ക് അയക്കുന്നതാണ് ശാസ്ത്രീയമെന്നും മാത്രവുമല്ല എപ്പോള്‍ വേണമെങ്കിലും അലര്‍ജി വരാമെന്നും അത് മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ പലപ്പോഴും പറ്റില്ലെന്നും ഡോക്ടര്‍ മോഹനന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അലര്‍ജിമാറ്റാമെന്ന് പരസ്യത്തില്‍ പറയുന്നില്ലെങ്കില്‍ പോലും മുഖ്യധാര മാധ്യമങ്ങള്‍ അതിന്റെ മുന്‍ പേജില്‍ മുഴുവനായി പരസ്യം നല്‍കിയത് വലിയ തോതില്‍ വായനക്കാരെ സ്വാധീനിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഈ പരസ്യവുമായി  ബന്ധപ്പെട്ട്  രണ്ടു ഡോക്ടര്‍മാര്‍ക്ക്  പങ്കുണ്ടെന്നും അവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നുമാണ്‌ ഇദ്ദേഹം പറഞ്ഞത്.

ഇത്തരത്തില്‍ അലര്‍ജി കൃത്യമായി കണ്ടുപിടിക്കാന്‍ പറ്റുന്ന ടെസ്റ്റുകളൊന്നും തന്നെ ഇപ്പോള്‍ ഇന്ത്യയിലോ ലോകത്തിലോ തന്നെ ഇല്ലെന്നും നമുക്ക് ഏതെങ്കിലും ഒരു സാധനത്തില്‍ അലര്‍ജിയുണ്ടോ എന്ന് സംശയം വന്നാല്‍ അത് വെച്ച് ടെസ്റ്റ് നടത്തിയാല്‍ അതിന് അലര്‍ജി ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കണമെന്നും അല്ലാതെ എന്തിനൊക്കെ അലര്‍ജിയുണ്ടെന്ന് മൊത്തമായി നോക്കുന്ന സംവിധാനം ഇല്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

‘നമുക്ക് അലര്‍ജിയുണ്ടെന്ന് ആദ്യം നമുക്ക് സംശയം തോന്നണം. അതിന് ശേഷം ഡോക്ടര്‍മാരെ കാണണം. എന്നിട്ട് ഡോക്ടര്‍ പരിശോധിച്ച ശേഷം ചില ടെസ്റ്റുകള്‍ക്ക് വിടും. എന്നിട്ട് അലര്‍ജിയാണോ അല്ലയോ എന്ന് തീരുമാനിക്കും. അങ്ങനെയാണ് അലര്‍ജി ടെസ്റ്റ് ചെയ്യേണ്ടത്. അല്ലാതെ മൊത്തം ആളുകള്‍ക്ക് അലര്‍ജിയുണ്ടോയെന്ന് ടെസ്റ്റ് ചെയ്യാന്‍ സംവിധാനം ഇല്ല.

മെഡിക്കല്‍ കൗണ്‍സിലിന് അതില്‍ അംഗങ്ങളായിട്ടുള്ള ഡോക്ടര്‍മാരുടെ മേല്‍ മാത്രമേ നിയന്ത്രണമുള്ളൂ. ലാബോറട്ടികളുടെ മേല്‍ നിയന്ത്രണം ഇല്ല. ആ പരസ്യത്തില്‍ കണ്ട പേരുള്ള ഡോക്ടര്‍മാര്‍ അവര്‍ ടി.എം.സിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡോക്ടര്‍മാരല്ല. അവര്‍ ഇന്ത്യയില്‍ എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. കള്ളപ്പേരാണോ എന്നും അറിയില്ല. -അദ്ദേഹം പറഞ്ഞു.

ടി.സി.എം.സിയുടെ യോഗം അതിന് ശേഷം നടന്നിട്ടില്ല. തീര്‍ച്ചയായും ഈ വിഷയം ചര്‍ച്ച ചെയ്യും. മാത്രമല്ല ആ പരസ്യം കണ്ടല്ലോ മാതൃഭൂമിയുടെ മുന്‍പേജിലാണ് വന്നത്. അത്തരത്തിലൊരു പരസ്യത്തിന് പത്തോ ഇരുപതോ ലക്ഷം രൂപ നല്‍കേണ്ടി വരും. ആമസോണിന്റേയും ഫ്‌ളിപ്കാര്‍ട്ടിന്റേയും പരസ്യം പോലെയാണ് കൊടുക്കുന്നത്. 1000 കോടിയുടെയെങ്കിലും കച്ചവടം നടക്കുന്നവരാണ് ആ പരസ്യം നല്‍കുന്നത്.

ഇത്രയും രൂപയ്ക്ക് പരസ്യം കൊടുക്കുന്നത് തന്നെ ആളുകളെ വലിയ രീതിയില്‍ തട്ടിച്ച് പണം ഉണ്ടാക്കാനാണ്. എന്തായാലും അവര്‍ പിടിക്കപ്പെട്ടു. അവര്‍ക്ക് ഒരു തുകയും ലഭിച്ചിട്ടില്ല. ഇത്തരം പരസ്യങ്ങള്‍ സത്യസന്ധമാണോ അല്ലയോ എന്നറിയാതെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നടപടി ശരിയല്ലെന്ന് പ്രസ് കൗണ്‍സിലിനെ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്രയും വലിയ പത്രത്തില്‍ പരസ്യം വരുമ്പോള്‍ ആളുകള്‍ അത് ശരിയാണെന്ന് ധരിക്കും. അപ്പോള്‍ പരസ്യവും സത്യസന്ധമായിരിക്കണം.

അലര്‍ജി ടെസ്റ്റ് പ്രധാനമായും തൊലിപ്പുറമെയാണ് നടത്തുക. അപൂര്‍വം ചിലത് രക്ത പരിശോധനയും നടത്തും. അല്ലാതെ എല്ലാത്തിനും കൂടിയുള്ള ടെസ്റ്റ് ഇന്ന് വരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ  ദിവസമാണ് രക്ത പരിശോധനയിലൂടെ ശരീരത്തില്‍ വരാന്‍ പോകുന്ന അലര്‍ജിയെ കണ്ടു പിടിക്കുക എന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. ഒക്ടോബര്‍ 18 മുതല്‍ കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഇതിനായി ടെസ്റ്റുകള്‍  നടത്തുന്നുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. ഇതിനൊപ്പം വിവിധ തരം അലര്‍ജികള്‍, അലര്‍ജി വരുന്നതെങ്ങനെ തുടങ്ങിയ വിശദീകരണങ്ങളും നല്‍കിയിട്ടുണ്ടായിരുന്നു.