റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നടതള്ളാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് തസ്‌ലീമ നസ്‌റിന്‍
India
റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നടതള്ളാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് തസ്‌ലീമ നസ്‌റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd September 2017, 6:27 pm

ദില്ലി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പിന്തുണച്ച് എഴുത്തുകാരി തസ്‌ലീമ നസ്റിന്‍ വീണ്ടും രംഗത്ത്. അഭയാര്‍ത്ഥികളെ നടതള്ളാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നായിരുന്നു തസ്ലീമയുടെ പ്രതികരണം. വിഷയത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അവര്‍ വിമര്‍ശിച്ചു.

അഭയാര്‍ത്ഥികളെ സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും ആ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും തസ്‌ലീമ നസ്റിന്‍ പറഞ്ഞു. മാതൃരാജ്യം വിട്ടു മറ്റൊരു രാജ്യത്ത് അഭയം തേടേണ്ടിവന്ന തനിക്ക് അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് വ്യക്തമാക്കിയാണ് അവര്‍ റോഹിങ്ക്യകള്‍ക്ക് പിന്തുണ അറിയിച്ചത്.


Also Read:  ‘പുരാതന ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു ദുര്‍ഗ്ഗ, ലക്ഷ്മീ ദേവി ധനകാര്യ മന്ത്രിയും’; വിചിത്രവാദവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു


നേരത്തെ റോഹിങ്ക്യന്‍ വിഷയത്തില്‍ ബംഗ്ലാദേശിനെതിരെയും തസ്‌ലീമ രംഗത്തെത്തിയിരുന്നു. “റോഹിംഗ്യകള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുകയാണ്. ഇവര്‍ ഹിന്ദുക്കളോ ബുദ്ധിസ്റ്റുകളോ, ക്രിസ്ത്യാനികളോ ആയിരുന്നെങ്കില്‍ എന്താവും സ്ഥിതി? അഭയം നല്‍കുന്നത് മനുഷ്യത്വത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടിയാണ്.” എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്.

തനിക്കു ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നപ്പോള്‍ ഒരു അനുകൂല നിലപാടും സ്വീകരിക്കാത്ത ബംഗ്ലാദേശ് സര്‍ക്കാര്‍, ഇപ്പോള്‍ റോഹിങ്ക്യകള്‍ക്കു വേണ്ടി രംഗത്തുവന്നിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും നിലവിലെ സാഹചര്യത്തില്‍ റോഹിംഗ്യകളെ പിന്തുണച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും തസ്‌ലീമ പറഞ്ഞു.