ഇതര സംസ്ഥാനത്തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജ പ്രചരണം; തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷനെതിരെ കേസ്
national news
ഇതര സംസ്ഥാനത്തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജ പ്രചരണം; തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2023, 5:51 pm

ചെന്നൈ: വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ ആക്രമണങ്ങള്‍ക്കിരയായെന്ന വ്യാജപ്രചരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ചെന്നൈ സൈബര്‍ ക്രൈം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടുകാര്‍ മര്‍ദിച്ചെന്ന സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ പ്രചരണം നടന്നിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഡി.എം.കെ സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് അണ്ണാമലൈ രംഗത്തെത്തി.

മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് സര്‍ക്കാരിന്റെ പൊതു സ്വഭാവമാണെന്നും ദ്രാവിഡ മുന്നേറ്റ കഴകം ആരംഭിച്ചത് മുതല്‍ തന്നെ വടക്കേ ഇന്ത്യക്കാരെ പരിഹസിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.

കൂട്ടത്തില്‍ ഇപ്പോഴത്തെ ആക്രമണങ്ങളില്‍ സ്റ്റാലിന്‍ മൗനം പാലിക്കുകയാണെന്നും ആരോപണം ഉയര്‍ത്തിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് കാരണമായത്.

മനപൂര്‍വം രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാനാണ് ശ്രമിച്ചെന്നാണ് അണ്ണാമലൈക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. വ്യാജ പ്രചരണങ്ങള്‍ നടത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ബിഹാര്‍ സ്വദേശികളായ തൊഴിലാളികളെ തമിഴ്‌നാട്ടുകാര്‍ മര്‍ദിക്കുന്നു എന്ന പേരിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ബിഹാര്‍ നിയമസഭയിലടക്കം വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ കമ്മീഷനെ തമിഴ്‌നാട്ടിലേക്കയക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണവുമായി ഡി.എം.കെ സര്‍ക്കാര്‍ നേരിട്ട് രംഗത്തെത്തിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ലെന്നും തമിഴ്‌നാട് സര്‍ക്കാരും ജനങ്ങളും ഇവരെ സഹോദരങ്ങളായി കണ്ട് സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനായി ഹെല്‍പ്പ് ലൈന്‍ നമ്പറും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Content Highlight: Tamilnadu police filed a case against bjp cheif Annamalai