Advertisement
Entertainment news
മമ്മൂട്ടി എന്ന നടനെയല്ല, മമ്മൂട്ടിയെന്ന അഡ്വക്കേറ്റിനെയാണ് സുല്‍ഫത്ത് കല്യാണം കഴിച്ചത്; മുകേഷിന് നല്‍കിയ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 15, 09:15 am
Friday, 15th September 2023, 2:45 pm

മമ്മൂട്ടിക്ക് കുടുംബത്തോടുള്ള സ്‌നേഹത്തെ പറ്റി സംസാരിക്കുകയാണ് തമിഴ് മാധ്യമപ്രവര്‍ത്തകനായ വിഷന്‍. ദൂരസ്ഥലങ്ങളില്‍ ഷൂട്ടിന് പോകുമ്പോള്‍ മമ്മൂട്ടി എന്നും വീട്ടിലേക്ക് വിളിക്കുമെന്നും കാര്യങ്ങള്‍ തിരക്കുമെന്നും വിഷന്‍ പറഞ്ഞു. ഒരിക്കല്‍ മുകേഷ് ഇത് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയും വിസില്‍ ദി വിസില്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിഷന്‍ പങ്കുവെച്ചു.

‘മമ്മൂട്ടിക്ക് കുടുംബത്തോട് ഭയങ്കര അറ്റാച്ച്‌മെന്റാണ്. കല്യാണം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം സിനിമയില്‍ ഹീറോ ആയത്. ഷൂട്ടിന് ദൂരെ പോവുകയാണെങ്കില്‍ എന്നും ഭാര്യയെ വിളിക്കും. അവര്‍ മക്കളുമായി വീട്ടില്‍ തനിച്ചായിരിക്കുമല്ലോ. കതകടച്ചില്ലേ, ജനലുകളെല്ലാം അടച്ചില്ലേ എന്നൊക്കെ ചോദിക്കും. കഴിച്ചിട്ട് വേഗം കിടക്കാന്‍ പറയും.

മുകേഷ് എന്നൊരു ആക്ടറുണ്ട്. എന്താ മമ്മൂക്ക ഇത്, സാധാരണ ഒരു കുടുംബസ്ഥനെ പോലെ കതകടച്ചോ കഴിച്ചോ എന്നൊത്തെ ചോദിക്കുകയാണല്ലോ, നിങ്ങളിപ്പോള്‍ എത്രയോ വലിയ ആളാണ് എന്ന് മുകേഷ് പറഞ്ഞു. എന്റെ ഭാര്യ മമ്മൂട്ടി എന്ന നടനെയല്ല കല്യാണം കഴിച്ചത്, മമ്മൂട്ടിയെന്ന അഡ്വക്കേറ്റിനെയാണ് കല്യാണം കഴിച്ചത് എന്ന് മമ്മൂട്ടിയും മറുപടി പറഞ്ഞു. ഇത്ര വലിയ ആക്ടറാവുമെന്ന് അപ്പോള്‍ അവര്‍ക്ക് അറിയില്ല, സാധാരണ ജോലിക്ക് പോവുമ്പോഴുള്ള പെരുമാറ്റം തന്നെയായിരിക്കില്ലേ അവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടാവുക, അപ്പോള്‍ ഞാനും അങ്ങനെ തന്നെയായിരിക്കണം, നടനാണെന്ന് പറഞ്ഞ് ഇത് ചെയ്യാതിരിക്കാനാവില്ല എന്നും മമ്മൂട്ടി പറഞ്ഞു.

ഫാമിലി ലൈഫും പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോവുകയാണ് അദ്ദേഹം. അത്രയും അറ്റാച്ച്‌മെന്റ് മമ്മൂക്കക്ക് ഉണ്ട്. ഗോസിപ്പ് ഒന്നും കേള്‍പ്പിക്കാത്ത നടനാണ് മമ്മൂട്ടി. കാണാന്‍ നല്ല ഭംഗിയാണ്, വലിയ ഹീറോയാണ്, ഗോസിപ്പുണ്ടാവാന്‍ നല്ല സാധ്യതയുണ്ട്. എന്നാല്‍ ഒരു നടിക്കൊപ്പവും അദ്ദേഹത്തെ പറ്റി ഗോസിപ്പുകള്‍ ഉണ്ടായിട്ടില്ല.

അദ്ദേഹത്തിന്റെ പിറന്നാളിന് ദുല്‍ഖര്‍ സല്‍മാന്‍ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ അങ്ങയെ പോലൊരു ആളാവാനാണ് ആഗ്രഹിച്ചത്, ആദ്യമായി ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അങ്ങയെ പോലെ ഒരു നടനാവാന്‍ ആഗ്രഹിച്ചു, ആദ്യമായി അച്ഛനായപ്പോള്‍ അങ്ങയെ പോലെ ഒരു പിതാവാവാന്‍ ആഗ്രഹിച്ചു, ഭാവിയില്‍ അങ്ങയുടെ പാതിയെങ്കിലും ആവണമെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടനെന്ന നിലയില്‍ അദ്ദേഹം കംപ്ലീറ്റ് ആക്ടറാണ്. അച്ഛനെന്ന നിലയിലും അങ്ങനെ തന്നെയാണ്. ഒരു മനുഷ്യനെന്ന നിലയിലും അങ്ങനെ തന്നെയാണ്. എല്ലാ രീതിയിലും അദ്ദേഹം പെര്‍ഫെക്ടായ മനുഷ്യനാണ്,’ വിഷന്‍ പറഞ്ഞു.

Content Highlight: Tamil journalist Vision talks about Mammootty’s love for his family