താലിബാനിസം ഇസ്‌ലാമികമല്ല, അത് ലോകത്തിന് തന്നെ ഭീഷണിയാവും: ഡോ. ഹുസൈന്‍ മടവൂര്‍
കോഴിക്കോട്: താലിബാനിസം ഇസ്‌ലാമികമല്ലെന്നും അത് ലോകത്തിന് തന്നെ ഭീഷണിയാവുമെന്നും പ്രമുഖ മുസ്‌ലിം പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍.
അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുണ്ടായ അപക്വമായ ഒരു കൂട്ടായ്മയാണ് താലിബാന്‍ എന്നും താലിബാന്‍ പ്രവര്‍ത്തനങ്ങളുയര്‍ത്തിക്കാട്ടി ഇസ്‌ലാമിനെ വിമര്‍ശിക്കുകയും ലോക മുസ്‌ലിങ്ങളെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് അഫ്ഗാനില്‍ ഭരണം നടത്തിയ താലിബാന്‍ അന്നവിടെ ചെയ്തുകൂട്ടിയ ഭീകരവും മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ലോകം കണ്ടതാണ്. ആ ഒരു അനുഭവ ത്തിന്റെ വെളിച്ചത്തിലാണിപ്പോള്‍ ആളുകള്‍ അവിടെ നിന്ന് നാട് വിട്ടോടാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താലിബാന്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം ഉത്തരവാദിയുമല്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനെ പിടിച്ചെടുക്കാനുള്ള ആക്രമണം ശക്തമാക്കിയത്.
നിലവില്‍ രാജ്യത്തിന്‍റെ ഭരണം താലിബാന്‍ പിടിച്ചടക്കുകയും അഫ്ഗാനിസ്ഥാനിന്‍റെ പേര് ഇസ് ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് മാറ്റുകയും ചെയ്തിരുന്നു.