Advertisement
Entertainment
എ.ആര്‍. റഹ്‌മാന്‍ ഞങ്ങളുടെ പാട്ടുകളെല്ലാം മോഷ്ടിക്കാണല്ലോയെന്ന് ഒരു സിംബാബ്‌വെ ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചിട്ടുണ്ട്: ടി.പി. ശാസ്തമംഗലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 04, 03:07 am
Tuesday, 4th March 2025, 8:37 am

ഇന്ത്യന്‍ സിനിമാസംഗീതലോകത്ത് ഏറെ ജനപ്രീതിയുള്ള സംഗീത സംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍. മണിരത്‌നം സംവിധാനം ചെയ്ത റോജയിലൂടെയാണ് റഹ്‌മാന്‍ സ്വതന്ത്ര സംഗീതസംവിധായകനായി തുടക്കം കുറിക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ എന്ന ചിത്രത്തിലാണ് എ.ആര്‍. റഹ്‌മാന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചത്.

ഇപ്പോള്‍ എ.ആര്‍. റഹ്‌മാന്റെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സിനിമാഗാന നിരൂപകന്‍ ടി.പി. ശാസ്തമംഗലം. സിംബാബ്‌വെയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ‘എ.ആര്‍. റഹ്‌മാന്‍ ഞങ്ങളുടെ പാട്ടുകളെല്ലാം മോഷ്ടിക്കുകയാണല്ലോ’ എന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ടി.പി. ശാസ്തമംഗലം പറഞ്ഞു.

ആ ഉന്നത ഉദ്യോഗസ്ഥന്‍ ‘ഒട്ടകത്തെ കെട്ടിക്കോ’ എന്ന ഗാനം അദ്ദേഹത്തിന്റെ ഭാഷയില്‍ തനിക്ക് പാടി തന്നുവെന്നും ശാസ്തമംഗലം പറഞ്ഞു. എന്നാല്‍ ആ ഭാഷ തനിക്ക് അറിയില്ലായിരുന്നുവെന്നും ഈണം കേള്‍ക്കുമ്പോള്‍ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുമ്പൊരിക്കല്‍ ഒരു ഗാനത്തെ സംബന്ധിച്ചിടത്തോളം 51 ശതമാനം രചനയും 49 ശതമാനം സംഗീതവും പാടുള്ളുവെന്ന് ദേവരാജന്‍ മാസ്റ്റര്‍  പറഞ്ഞിട്ടുണ്ട്,’ ടി.പി. ശാസ്തമംഗലം

എ.ആര്‍. റഹ്‌മാന്‍ മികച്ച പാട്ടുകള്‍ ചെയ്തിട്ടുണ്ടെന്നും ‘ചിന്ന ചിന്ന ആസൈ’ പോലുള്ളവ അതിന് ഉദാഹരണമാണെന്നും ടി.പി. ശാസ്തമംഗലം പറഞ്ഞു. നല്ല സിദ്ധിയുള്ള വ്യക്തിയാണ് എ.ആര്‍. റഹ്‌മാനെന്നും മുക്കാലാ മുക്കാബുല പോലുള്ള ഗാനങ്ങള്‍ അദ്ദേഹം തയ്യാറാക്കിയത് സിനിമ ആവശ്യപ്പെടുന്നത് കൊണ്ടായിരിക്കുമെന്നും ടി.പി. ശാസ്തമംഗലം കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്’ എന്ന ഗാനം അന്നത്തെ അടിച്ചുപൊളി പാട്ടിലാണ് ഉള്‍പ്പെടുന്നതെന്നും അന്നത്തെ സംഗീതത്തില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു ഈ ഗാനമെന്നും ടി.പി. ശാസ്തമംഗലം പറഞ്ഞു. ഈ പാട്ടിലെ വരികളാണ് അതിനെ കാലങ്ങളായി അതിജീവിക്കാന്‍ സഹായിക്കുന്നതെന്നും ടി.പി. ശാസ്തമംഗലം പറയുന്നു.

ഒരു ഗാനത്തെ സംബന്ധിച്ചിടത്തോളം 51 ശതമാനം രചനയും 49 ശതമാനം സംഗീതവും പാടുള്ളുവെന്ന് ദേവരാജന്‍ മാസ്റ്റര്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം ഗാനം പരാജയപ്പെടുമെന്നാണ് ദേവരാജന്റെ ഭാഗമെന്നും പി.ടി. ശാസ്തമംഗലം പറയുന്നു. ഇന്നത്തെ കാലത്ത് ഒരു ശതമാനം പോലും രചനയ്ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും 99 ശതമാനവും സംഗീതമാണെന്നും പി.ടി. ശാസ്തമംഗലം വിമര്‍ശിച്ചു.

Content Highlight: T.p. Sasthamangalam talks about AR Rahman