Film News
'ഞാൻ മരിക്കുമ്പോഴും ആളുകൾ കാമസൂത്രയെ പറ്റിയും, ശ്വേത ഹോട്ടാണ്, ബോൾഡാണ് എന്നൊക്കെ പറയും, ഇതൊന്നും എനിക്ക് വിഷയമല്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 21, 05:00 am
Saturday, 21st October 2023, 10:30 am

കാമസൂത്ര പരസ്യചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി ശ്വേത മേനോൻ. കാമസൂത്രയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചതും കളിമണ്ണ് സിനിമയ്ക്ക് വേണ്ടി പ്രസവം ലൈവായി ചിത്രീകരിച്ചതും വർഷങ്ങൾ കഴിഞ്ഞിട്ടും ചർച്ചചെയ്യാനുള്ള കരണമെന്താണെന്ന ചോദ്യത്തിന് അത് താൻ മരിക്കുവോളം ആളുകൾ പറയുമെന്നും അത് തനിക്കൊരു വിഷയമല്ലെന്നുമായിരുന്നു ശ്വേതയുടെ മറുപടി.

കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ലെന്നും ഈ പ്രായത്തിലും അത്തരത്തിലുള്ള കഥാപാത്രം ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. കേരള കൗമുദി ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ശ്വേത മേനോൻ.

‘ഞാൻ മരിക്കുമ്പോഴും ആളുകൾ കാമസൂത്രയെ പറ്റിയും, ശ്വേത ഹോട്ടാണ്, ബോൾഡാണ് എന്നൊക്കെ പറയും. ഇതൊന്നും എനിക്ക് വിഷയമല്ല. ഞാൻ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. ആ പ്രായത്തിൽ കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല. ജീവിതത്തിൽ ചെയ്ത കാര്യം ആലോചിച്ച് പിന്നീട് കുറ്റബോധം തോന്നുന്നത് മണ്ടത്തരമാണ്.

ഇന്ന് ഈ പ്രായത്തിൽ കാമസൂത്ര ചെയ്യുമോ എന്ന് ചോദിച്ചാൽ ഉറപ്പായും എന്നായിരിക്കും മറുപടി. അത് എന്റെ ജോലിയാണ്. ഞാൻ അന്നു ചെയ്തു. ഞാൻ എന്നും ചെയ്യും. കാരണം ഞാൻ ഒരു നടിയാണ്. നല്ല കഥാപാത്രം ചെയ്യണം. എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ട്. അന്ന് അച്ഛൻ, ഇന്ന് അമ്മയും ശ്രീയും കൂടെയുണ്ട്. കുടുംബത്തിലുള്ള എല്ലാവരുടെയും പിന്തുണയുണ്ട്. അത്തരം ഒരു വലിയ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ആരെന്തു പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എന്നെ ഓർത്ത് എന്നും വീട്ടുകാർക്ക് അഭിമാനം മാത്രമേ ഉള്ളൂ,’ശ്വേത മേനോൻ പറഞ്ഞു.

തന്റെ രണ്ടാമത്തെ വരവോടുകൂടിയാണ് സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയതെന്നും ശ്വേതാ മേനോൻ അഭിമുഖത്തിൽ പറഞ്ഞു. പരദേശി സിനിമ വന്നതു മുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമെന്ന തോന്നൽ ഉണ്ടാവുന്നതെന്നും താരം കൂട്ടിച്ചേർത്തു.

‘എന്റെ രണ്ടാമത്തെ വരവോടുകൂടിയാണ് സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത്. ജീവിതത്തെ പോലും അപ്പോഴാണ് ഗൗരവമായി കണ്ടു തുടങ്ങിയത്. എല്ലാത്തിനും മാറ്റം വരുത്തി ആ രണ്ടാം വരവ്. ‘പരദേശി’ സിനിമ വന്നതു മുതലാണ് ഇങ്ങനെയും കഥാപാത്രം ചെയ്യാമല്ലോ എന്ന തോന്നൽ ഉണ്ടാവുന്നത്. അതുവരെ ഒരു കാര്യത്തിലും ഉത്തരവാദിത്തമില്ലാതിരുന്ന ആളായിരുന്നു ഞാൻ.  അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കണം എന്ന വിചാരം പോലുമില്ല. കാശ് കിട്ടുമ്പോൾ ജഗപൊഗയായി തീർക്കും. നല്ല സിനിമയും മികച്ച കഥാപാത്രവും ചെയ്യണം. പ്രതിഭാധനർക്കൊപ്പം പ്രവർത്തിക്കണമെന്ന തോന്നൽ മെല്ലേവരാൻ തുടങ്ങി. ആ യാത്ര തുടരുന്നു,’ താരം പറയുന്നു.

Content Highlight: Swetha menon about kamasoothra advertisement