സ്‌റ്റോക്ക്‌ഹോം: പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് മരണപ്പെട്ടു. റോഡപകടത്തെത്തുടര്‍ന്നായിരുന്നു മരണം. ഞായറാഴ്ചയായിരുന്നു സംഭവം. 75 വയസായിരുന്നു.
ലാര്‍സ് വില്‍ക്‌സിനൊപ്പം സംരക്ഷണചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാരും അപകടത്തില്‍ മരിച്ചതായി സ്വീഡിഷ് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
2007ലായിരുന്നു വിവാദത്തിലായ വില്‍ക്‌സിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പ്രവാചകന്റെ തല പട്ടിയുടെ ശരീരത്തോട് ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്. ദൈവനിന്ദയാണെന്ന് പറഞ്ഞ് കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതിന് ശേഷം ഇദ്ദേഹത്തിന് നേരെ ഒരുപാട് വധഭീഷണികളും ഉണ്ടായിരുന്നു. 2015ല്‍ വധശ്രമവുമുണ്ടായി.
വില്‍ക്‌സിനെ വധിക്കുന്നവര്‍ക്ക് അല്‍-ഖ്വയിദ ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പൊലീസ് സംരക്ഷണയിലായിരുന്നു വില്‍ക്‌സ് കഴിഞ്ഞിരുന്നത്.
കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളും പ്രതിഷേധങ്ങളും സ്വീഡന്റെ നയതന്ത്ര ബന്ധങ്ങളേയും ബാധിച്ചതിനെത്തുടര്‍ന്ന് അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡറിക് റേന്‍ഫെല്‍ഡ്ട് 22 മുസ്‌ലിം രാഷ്ട്രങ്ങളുടെ അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.