Advertisement
Entertainment
സ്‌ക്രിപ്റ്റ് മാത്രം നോക്കിയല്ല ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത്; സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 16, 04:10 am
Tuesday, 16th January 2024, 9:40 am

ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സ്വാസിക. 2019ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡും സ്വാസികക്ക് ലഭിച്ചു. കമല്‍ സംവിധാനം ചെയ്ത വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രമാണ് സ്വാസികയുടെ പുതിയ ചിത്രം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സ്‌ക്രിപ്റ്റ് നോക്കിയിട്ടാണോ ഈ ചിത്രം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘കമല്‍ സാറിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഓകെ പറഞ്ഞു. സ്‌ക്രിപ്റ്റ് ഒന്നും ഞാന്‍ നോക്കിയില്ല. ഞാന്‍ അങ്ങനെ സ്‌ക്രിപ്റ്റ് മാത്രം നോക്കി ഒരു സിനിമയും ചൂസ് ചെയ്യാറില്ല. എപ്പോഴും നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹം. അങ്ങനെ നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ഒരവസരവും ഞാന്‍ കളയാറില്ല. ചെറിയ കഥാപാത്രമാണെങ്കില്‍ പോലും ഞാന്‍ അത് ചെയ്യും.

കാരണം അതിനെയൊരു ലേണിങ് പ്രോസസ് ആയിട്ടാണ് ഞാന്‍ കാണുന്നത്. ആ ഒരു ജേര്‍ണി ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഈ സിനിമയും ഞാന്‍ അങ്ങനെയാണ് സെലക്ട് ചെയ്തത്’ സ്വാസിക പറഞ്ഞു. ഷൈന്‍ ടോം ചാക്കോയാണ് വിവേകാനന്ദന്‍ വൈറലാണിലെ നായകന്‍. ഷൈന്‍ ടോമിന്റെ നൂറാമത്തെ സിനിമ കൂടിയാണിത്. കമലിന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നു ഷൈനിന്റെ തുടക്കം. കമലിന്റെ തന്നെ ഗദ്ദാമയിലൂടെയാണ് അഭിനേതാവ് എന്ന രീതിയില്‍ ഷൈനിന്റെ അരങ്ങേറ്റം.

ഒരിടവേളക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വിവേകാനന്ദന്‍ വൈറലാണ്. ഗ്രേസ് ആന്റണി, വിനീത് തട്ടില്‍, ശരത് സഭ, ജോണി ആന്റണി, മെറീനാ മൈക്കിള്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രം ജനുവരി 19ന് തിയേറ്ററുകളിലെത്തും.

Content Highlight: Swasika about her selection of movies