ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മമത, ഇതെല്ലാം മറച്ചുവെച്ചാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്; മമതയ്‌ക്കെതിരെ പുതിയ ആരോപണവുമായി സുവേന്തു അധികാരി
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് സുവേന്തു അധികാരി.
നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം മമത സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് സുവേന്തുവിന്റെ ആരോപണം. ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് മമതയെന്നും ഈ വിവരം സത്യാവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് സുവേന്തു പറഞ്ഞത്.
‘തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മമത ബാനര്‍ജി നല്‍കിയ സത്യാവാങ്മൂലത്തില്‍ അവര്‍ പ്രതി ചേര്‍ക്കപ്പെട്ട കേസുകളെ പറ്റി പറയുന്നില്ല. 2018ല്‍ അസമില്‍ അഞ്ച് എഫ്.ഐ.ആറാണ് മമതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്ന് സി.ബി.ഐയുടെതും’, സുവേന്തു പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സുവേന്തു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടാനൊരുങ്ങുകയാണ് മമത ബാനര്‍ജി.
താന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്നും നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണെന്നുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന പൊതുപരിപാടിയില്‍ മമത പറഞ്ഞത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരത്തില്‍ എത്താന്‍ മമത ബാനര്‍ജിയെ സഹായിച്ചത് നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ്.
2007 ല്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്ന സംഘര്‍ത്തില്‍ 14 കര്‍ഷകരാണ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ വിജയിച്ചു.
അതേസമയം, മമത നന്ദിഗ്രാമില്‍ മത്സരിച്ചാല്‍ അത് സുവേന്തു അധികാരിക്ക് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
നന്ദിഗ്രാമിന്റെ ശക്തമായ പിന്തുണയോടെയാണ് സുവേന്തു തൃണമൂലിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക